AmericaCommunityNewsPolitics

അമേരിക്കയിലും അയോദ്ധ്യ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളില്‍ നിന്ന് മണ്ണ് കൊണ്ടുവരും

ഹൂസ്റ്റണ്‍: ലോക സമാധാനത്തിനായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പെയര്‍ലാന്‍ഡില്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗോള ഹിന്ദു സമുഹത്തിനായി അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അഞ്ചേക്കര്‍ ഭൂമിയില്‍ ഉയരുന്ന  ക്ഷേത്രം ലോക സമാധാനത്തിനുള്ള പ്രതീകമാക്കാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയില്‍ പ്രതിഷ്ഠിക്കാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര നിര്‍മാണ വിളംബരം ഔദ്യോഗികമായി ആറ്റുകാല്‍ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാര്‍ത്ഥനയോടുകൂടിയ ചടങ്ങില്‍ നടന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എസ്എന്‍ഡിപി യോഗം ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാര്‍, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് നിഷ പിള്ള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളില്‍നിന്നോ പരദേവതാ ക്ഷേത്രങ്ങളില്‍നിന്നോ  കലശത്തില്‍ കൊണ്ടുവരുന്ന മണ്ണ്  മുലപ്രതിഷ്ഠയ്ക്ക് സമീപം പ്രത്യേകമായി സംരക്ഷിക്കും. ആവശ്യമുള്ളപ്പോള്‍ കലശം പുറത്തെടുത്ത് പൂജ ചെയ്യാനും അവസരം നല്‍കും ഇത് അവരുടെ കുടുംബക്ഷേത്രമായി ഔദ്യോഗികമായി ബന്ധപ്പെടുത്തപ്പെടുമെന്ന് കോര്‍ഡിനേറ്റര്‍ രഞ്ജിത് പിള്ള അറിയിച്ചു. ഒരു കുടുംബമോ വംശമോ പാരമ്പര്യമായി സേവിക്കപ്പെടുന്ന ദേവതകളോടുള്ള ആത്മബന്ധത്തെ ആഴത്തില്‍ അംഗീകരിക്കുന്ന സംരംഭമാണിത്. കുടുംബത്തിന്റെയും വംശത്തിന്റെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന പരദേവതകളുടെ ആചാരപരമായ ധര്‍മങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ആത്മീയ സംരക്ഷണം ഉറപ്പാക്കപ്പെടും.ലോകമെമ്പാടുമുള്ള എല്ലാ കുടുംബക്ഷേത്രങ്ങളിലെ ദിവ്യ മണ്ണ് സമാഹരിച്ചു സംരംഭത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പാരമ്പര്യത്തിന്റെ അനന്ത ബന്ധം പ്രകടമാക്കുകയാണ് ലക്ഷ്യം. ഇതുവഴി, ഹിന്ദു വീടുകളെ അയോദ്ധ്യയുമായി ആത്മീയ ബന്ധത്തിലേക്കു നയിക്കുന്ന സമഗ്ര സംരംഭമായി ക്ഷേത്രം ഉയരും.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്മേളനത്തിന്റെ ഭാഗമായി ആറ്റുകാല്‍ പൊങ്കാലയും, ലളിതാ സഹസ്രനാമ യജ്ഞവും നടന്ന ദിവ്യമായ ശക്തി നിറഞ്ഞ സ്ഥലത്ത് 2025 നവംബര്‍ 23ന് ബാലാലയ പ്രതിഷ്ഠ കര്‍മ്മം നടത്താനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഘടകങ്ങള്‍ നഗരാധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 2026 നവംബര്‍ 24ന് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ ഘട്ടത്തില്‍ വിശാലമായ ആശ്രമം, അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയില്‍ ഹനുമാന്‍ പ്രതിഷ്ഠ ഉള്‍പ്പെടെ ദേവീ ദേവതാ പ്രതിഷ്ഠകള്‍ ഉള്ള ഭവ്യക്ഷേത്രം, കുടുംബ പാരമ്പര്യത്തിലെ ക്ഷേത്ര സങ്കല്പ ഇടങ്ങള്‍ നമുക്ക് കാണാനാകും.2027 നവംബര്‍ 24ന്, സനാതന ധര്‍മ്മ തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ശക്തിപ്പെടുത്തുന്നതിനായി ആഗോള ധനകാര്യ സ്ഥാപനത്തിന്റെ രൂപീകരണവും നടക്കും.അതിനൊപ്പം, വേദജ്ഞാനത്തെയും സനാതന ധര്‍മ്മത്തെയും ആധുനിക ശാസ്ത്രങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള സനാതന ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപനം 2027 നവംബര്‍ 24ന് നടക്കും. പദ്ധതി സമയക്രമം അടിസ്ഥാനമാക്കിയുള്ള രൂപകല്പനയെ സംബന്ധിച്ച് കോര്‍ഡിനേറ്റര്‍ രഞ്ജിത് പിള്ള അറിയിക്കുകയും ചെയ്തു.

ലോക സമാധാനത്തിനായി വിശ്വ പ്രതീക്ഷയായിത്തീരുന്ന പുതിയ അയോദ്ധ്യ ക്ഷേത്രം അമേരിക്കന്‍ ഹിന്ദു സമൂഹത്തിന്റെ ആത്മീയ ആവശ്യം നിറവേറ്റുന്നതോടൊപ്പം സാംസ്‌കാരിക ഐക്യത്തിനും പങ്കാളിത്തത്തിനും ഉദാഹരണമാവും. ആത്മീയ ശക്തിയും സാമ്പത്തിക സ്ഥിരതയും വേദജ്ഞാനവും സംയോജിപ്പിച്ച് സമൃദ്ധവും സമാധാനവും നിറഞ്ഞ ലോകം സൃഷ്ടിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രാഥമിക ലക്ഷ്യം. ആത്മീയ ഏകതയെ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കാനും ആഗോള ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കാവുന്ന അവസരമായി നിരവധി ആളുകള്‍ പിന്തുണ പ്രഖ്യാപിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹിളായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി,ജി കെ പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകന്‍ കേശവന്‍, സോമരാജന്‍ നായര്‍, അനില്‍ ആറന്മുള എന്നിവര്‍ അറിയിച്ചു

Show More

Related Articles

Back to top button