യുഎസിൽ ടിക്ടോക് നിരോധനത്തിനുള്ള നിയമം: സുപ്രീംകോടതി ടിക് ടോക്കിന്റെ വാദം കേൾക്കും
വാഷിംഗ്ടൺ ∙ ചൈന ആസ്ഥാനമായ ടിക്ടോകിന്റെ മാതൃ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎസ് നിയമം രാജ്യത്തെ കൂടുതൽ കരുനീക്കങ്ങളിലേക്ക് നയിക്കുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി പകുതിയോടെ ടിക്ടോക് നിരോധിക്കപ്പെടുമെന്ന സാഹചര്യത്തിൽ, യുഎസ് സുപ്രീംകോടതി ടിക്ടോകിന്റെ വാദം കേൾക്കാൻ തയ്യാറായി. ജനുവരി 10നാണ് ടിക്ടോക് അനുകൂല വാദം സുപ്രീംകോടതിയിൽ അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചത്.
ടിക്ടോക് ഉടമകളായ ബൈറ്റ്ഡാൻസ് നടത്തിയ അപ്പീൽ നേരത്തെ ഫെഡറൽ അപ്പീൽ കോടതി നിരസിച്ചിരുന്നു. യുഎസ് കോൺഗ്രസ് പാസാക്കിയ നിരോധന നിയമം അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കുന്നതാണെന്ന ടിക്ടോകിന്റെ വാദം ജഡ്‌ജ് ഡഗ്ളസ് ഗിൻസ്ബർഗ് തള്ളിക്കളഞ്ഞിരുന്നു. ദേശസുരക്ഷയ്ക്കാണ് മുൻഗണന നല്‍കുന്നതെന്ന് വിധിയിൽ ഗിൻസ്ബർഗ് വ്യക്തമാക്കിയിരുന്നു.
ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വിവരങ്ങൾ ചൈനീസ് സർക്കാർ ശേഖരിക്കുന്നതായി ആരോപിച്ച് ടിക്ടോക് ഒരു സൈബർ ആയുധമായി മാറുന്നുവെന്നാണ് യുഎസ് അധികൃതരുടെ നിലപാട്. രാജ്യസുരക്ഷ ഉറപ്പാക്കുന്ന നടപടി എന്ന നിലയിൽ അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് കോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.