AmericaAssociationsLatest NewsNewsPolitics

ഹൂസ്റ്റണ്‍ ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലേക്ക് ഡോ. ജോര്‍ജ് കാക്കനാട്ട് മത്സരിക്കുന്നു.

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം അല്‍പൊന്നു ശമിച്ചതിനു പിന്നാലെ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും പോരാട്ടങ്ങളുടെ കാഹളം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി ഇക്കുറി മലയാളി സാന്നിധ്യമാണ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ആവേശം കൂട്ടുന്നത്. ടെക്സാസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ അറ്റ് ലാര്‍ജ് പൊസിഷന്‍ 1 ലേക്ക് മലയാളികള്‍ക്ക് സുപരിചിതനായ ഡോ. ജോര്‍ജ് കാക്കനാട്ട് ആണ് മത്സരിക്കുന്നത്.

മേയ് മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 21 മുതല്‍ 29 വരെയാണ് ഏര്‍ലി വോട്ടിംഗ്. മേയറും ആറു കൗണ്‍സിലര്‍മാരുമാണ് നഗരത്തിന്റെ ഭരണം നടത്തുന്നത്. അതില്‍ രണ്ടു പേര്‍ അറ്റ് ലാര്‍ജ് കൗണ്‍സിലര്‍മാരാണ്. നഗരത്തിനെ നാലായി വിഭജിച്ച് നാലു കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കും. ഇവര്‍ക്കു പുറമേ രണ്ട് അറ്റ് ലാര്‍ജ് കൗണ്‍സിലര്‍മാരും മേയറും അടങ്ങുന്നതാണ് നഗരത്തിന്റെ ഭരണസമിതി. നാലു കൗണ്‍സിലര്‍മാരെ അതാതു കൗണ്‍സിലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മേയറേയും അറ്റ് ലാര്‍ജ് കൗണ്‍സിലര്‍മാരെയും തിരഞ്ഞെടുക്കാന്‍ നഗരത്തിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ട് ചെയ്യണം.

ആകെ 111,000 ല്‍ പരം ജനസംഖ്യയുള്ള ഷുഗര്‍ലാണ്ടില്‍ 38 ശതമാനം തദ്ദേശിയരും 38 ശതമാനം ഏഷ്യക്കാരുമുണ്ട്. ശേഷിക്കുന്ന 12  ശതമാനം ഹിസ്പാനിക്കുകയും 7 ശതമാനം കറുത്ത വര്‍ഗക്കാരുമാണ്. മലയാളികളുടെ വലിയ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. പൊതുവേ റിപ്പബ്ലിക്കന്‍ മേധാവിത്വമുള്ള നഗരമാണിത്. എന്നാല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കക്ഷിരഹിതമാണ്.

സാമ്പത്തിക അച്ചടക്കം, ജീവിത നിലവാരം, പൊതുസുരക്ഷിതത്വം

സാമ്പത്തിക അച്ചടക്കം പാലിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോര്‍ജ് വോട്ടര്‍മാരെ സമീപിക്കുന്നത്. നഗരത്തിന്റെ ബജറ്റ് ഫലപ്രാദമായി വിനിയോഗിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ബജറ്റ് കാര്യക്ഷമമായി വിനിയോഗിക്കുന്നതിനായി ലേസര്‍ പോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നികുതികളും പിഴകളും ഫീസും മിനിമം ആക്കണം. ഏറ്റവും കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കുന്നതിനായി നഗരത്തിന്റെ വളര്‍ച്ചയിലും  വികസനത്തിലും  എല്ലാ ഘട്ടങ്ങളിലും  ജനപങ്കാളിത്തം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.

പൊതു സുരക്ഷയാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്ന മറ്റൊരു വിഷയം. പോലീസ്, ഫയര്‍, റെസ്‌ക്യൂ, എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍  ഏറ്റവും മികച്ച രീതിയില്‍ തന്നെ തുടരണം. പാര്‍ക്കുകളും പൊതു സ്ഥലങ്ങളും എല്ലാവര്‍ക്കും ഉപകരിക്കത്തക്ക രീതിയില്‍ പരിപാലിക്കണം. കുടുംബങ്ങള്‍ക്കും ബിസിനസ്സിനും   മികച്ച അവസരങ്ങള്‍ നല്‍കുന്ന ടെക്സാസിലെ ഏറ്റവും  നല്ല നഗരമായി ഷുഗര്‍ലാന്‍ഡിനെ മാറ്റണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ജോര്‍ജ് വ്യക്തമാക്കുന്നു.  

ഏറ്റവും മികച്ച ബയോഡാറ്റയുമായണ് ഡോ. ജോര്‍ജ്  രംഗത്തിറങ്ങുന്നത്. പ്രൊഫഷണല്‍, അക്കാഡമിക്, പൊതുപ്രവര്‍ത്തന രംഗത്തെല്ലാം സജീവ സാന്നിധ്യമാണ് അദ്ദേഹം. യു.എസ് എയര്‍ഫോഴ്‌സ് ക്യാപ്റ്റന്‍ ആയ അദ്ദേഹം ഇറാഖ് യുദ്ധം ‘ഓപ്പറേഷന്‍  ഡെസേര്‍ട്ട് സ്റ്റോമില്‍’ പങ്കെടുത്തിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. ജോര്‍ജ്, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്.  

സൈനിക സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്  സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം ബര്‍ണി റോഡ് മുനിസിപ്പല്‍ യൂട്ടിലിറ്റീസ് ബോര്‍ഡ് ഓഫ് ഡയറക്റ്ററായിരുന്നു. ഗ്ലെന്‍ ലോറല്‍ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ബിസിനസ് സംരംഭകന്‍ എന്ന നിലയില്‍, ഫോര്‍ട്ട് ബെന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗമാണ്. ഷുഗര്‍ ലാന്‍ഡ് റോട്ടറി, ഷുഗര്‍ ലാന്‍ഡ് ലയണ്‍സ് ക്ലബ്, സെന്റ് തെരേസാസ് കാത്തലിക് ചര്‍ച്ചിലെ നൈറ്റ്സ് ഓഫ് കൊളംബസ് എന്നിവയിലും അംഗമാണ്.

ഷുഗര്‍ലാന്‍ഡിനെ നെഞ്ചേറ്റിയ കുടുംബം

ഭാര്യ സാലിക്കൊപ്പം ബിസിനസ്സ് കെട്ടിപ്പെടുത്തതും മൂന്ന് മക്കളെ വളര്‍ത്തിയതും ഷുഗര്‍ ലാന്‍ഡിലാണ് എന്ന് അഭിമാനത്തോടെയാണ് പ്രകടനപത്രികയില്‍ ഡോ. ജോര്‍ജ് പറയുന്നത്. മക്കളുടെ ഹൂസ്റ്റണ്‍ സര്‍വകലാശാലയിലും FBISD സ്‌കൂളുകളിലുമായിരുന്നു.

‘ഞങ്ങള്‍ ഈ നഗരത്തെ സ്‌നേഹിക്കുന്നു. എന്റെ ജീവിതം വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും കുടുംബത്തിനും സ്വതന്ത്ര സംരംഭത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമാണ്. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും നമ്മുടെ രാജ്യം, നമ്മുടെ സമൂഹം, നഗരം എന്നിവയാണ് എന്റെ മുന്‍ഗണനകള്‍. മുന്‍ സൈനികന്‍ എന്ന നിലയില്‍ ഷുഗര്‍ ലാന്‍ഡ് അമേരിക്കന്‍ ലീജിയന്‍ പോസ്റ്റ് 942 ല്‍ അംഗമെന്നതിലും അഭിമാനിക്കുന്നു’ എന്നും ഡോ. ജോര്‍ജ് കാക്കനാട്ട് പറയുമ്പോള്‍ അത് ഷുഗര്‍ലാന്‍ഡിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ എന്ന് ഉറപ്പിക്കാം

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button