മാലിനി നായർ നാമം -( NAMAM) വുമൺസ് ഫോറം ചെയർപേഴ്സൺ.

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് മെരിറ്റ് (നാമം – NAMAM ) 2025-2027 കാലയളവിലെ വുമൺസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മാലിനി നായരെ തിരഞ്ഞെടുത്തു. ജനുവരി നാലാം തീയതി ന്യൂജേഴ്‌സി ഡൊമിനിക് ഹോട്ടലിൽ നടന്ന ലൈഫ് അംഗങ്ങളുടെ യോഗത്തിൽ ‘നാമം – NAMAM ‘ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് പുതിയ ഭാരവാഹിയെ പ്രഖ്യാപിച്ചത്. NAMAM പ്രസിഡൻ്റ് ആഷാ മേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത്ത്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മാലിനി നായരെ വുമൺസ് ഫോറം ചെയർപേഴ്സൺ ഭാരവാഹിത്വത്തിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

NAMAM എക്സലൻസ് അവാർഡ് ജേതാവായ മാലിനി സംഘടനയുടെ മുൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ നൃത്തരൂപങ്ങൾ പഠിപ്പിക്കുക, പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ന്യൂജേഴ്സിയിൽ സ്ഥാപിതമായ സൗപർണിക ഡാൻസ് അക്കാദമിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറാണ് മാലിനി നായർ. മൂന്നാം വയസിൽ നൃത്ത പഠനം ആരംഭിച്ച മാലിനി ഭരത നാട്യത്തിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയിട്ടുള്ളത് തിരുവനന്തപുരം നാട്യാലയ ഡയറക്ടർ കലാമണ്ഡലം പത്മ ശശികുമാറിൻ്റെ ശിക്ഷണത്തിലായിരുന ന്യൂ ജേഴ്സിയിൽ ഐ ടി മേഖലയിൽ പത്തുവർഷക്കാലം പ്രവർത്തിച്ചതിന് ശേഷമാണ് കലാരംഗത്തും സാമൂഹിക സേവന രംഗത്തും മാലിനി മുഴുവൻസമയ സജീവ പ്രവർത്തകയായി മാറുന്നത്.
2012-2013 കാലയളവിൽ കേരള അസോൺ ഓഫ് ന്യൂജേഴ്സി (KANJ) പ്രസിഡൻ്റായിരുന്നു.KEAN,KHNA,SPANDANA,NJNS,MITRAHS,KCCNA,MAZHAVIL FM എന്നീ പ്രസ്ഥാനങ്ങളിലും മാലിനി നായർ പ്രവർത്തിക്കുന്നുണ്ട്.
മികച്ച നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മാലിനി കലാനൈപുണ്യത്തിനും സാമൂഹിക സേവനത്തിനും ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.


ദുബായ് ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവിലിയനിൽ 2016 ൽ മാലിനി നൃത്തം അവതരിപ്പിച്ചിട്ടുണ്ട് . അജയൻ വേണുഗോപാലും അബി വർഗീസും ചേർന്നൊരുക്കിയ ‘അക്കരക്കാഴ്ചകൾ ‘ എന്ന ഹാസ്യ പരമ്പരയിലും ഓർഫിയസ് സംവിധാനം ചെയ്ത ‘ മിഴിയറിയാതെ’ എന്ന ഹ്രസ്വചിത്രത്തിലും മാലിനി അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കി ഹരിദേവ് സംവിധാനം ചെയ്ത ‘വിരാടം ‘ എന്ന നാടകത്തിൽ മുഖ്യകഥാപാത്രമായ ദ്രൗപതിയെ അവതരിപ്പിച്ചത് മാലിനി ആയിരുന്നു.

ഏഷ്യാനെറ്റ് യുഎസ്എയുടെ ആദ്യ അവതാരകയായിരുന്ന മാലിനി നിലവിൽ വിവിധ ടിവി ചാനലുകളുടെ ആങ്കറായും പ്രവർത്തിക്കുന്നു.
തിരുവനന്തപുരം സ്വദേശിനിയായ മാലിനി ആർക്കിടെക്ചർമാരായ വി. രവീന്ദ്രനാഥൻ നായരുടേയും പി.പി. രുഗ്മിണിയുടേയും മകളാണ്. ഭർത്താവ് ജയകൃഷ്ണൻ മനിയിൽ. വിദ്യാർത്ഥികളായ അർജ്ജുൻ നായർ, അജയ് നായർ എന്നിവരാണ് മക്കൾ. ജ്ഞാനപീഠ ജേതാവ് പത്മവിഭൂഷൺ ഒഎൻവി കുറുപ്പിൻ്റെ അനന്തരവൾ കൂടിയാണ് മാലിനി നായർ. 1977 ൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്ന് ബിടെക് സിവിൽ എൻജിനീയറിംഗ് പാസായി.

നാമം (NAMAM) വുമൺസ് ഫോറം ചെയർ സ്ഥാനമേറ്റ മാലിനി നായരെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു. കലയുടെയും സന്നദ്ധ പ്രവർത്തനങ്ങളുടെയും വൈവിധ്യമാർന്ന മേഖലകളിലേക്ക് സംഘടയെ നയിക്കാൻ പ്രാപ്തയാണ് മാലിനി നായർ എന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. മാലിനി നായരെ മറ്റ് സംഘടനാ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ (NAMAM) സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘( NAMAM ) സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/



