EducationKeralaLatest NewsNews

ധീരജവാന്മാര്‍ക്ക് സ്‌നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍  

തിരുവനന്തപുരം: സ്വന്തമായി തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ രാജ്യത്തിന്റെ കാവല്‍പടയാളികള്‍ക്ക് സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍.  ഇന്ത്യന്‍ കരസേനാ ദിനത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിയാണ് ഭിന്നശേഷിക്കാര്‍ വരച്ചും ഡിസൈന്‍ ചെയ്തുമൊക്കെ തയ്യാറാക്കിയ നൂറുകണക്കിന് കാര്‍ഡുകള്‍ ജവാന്മാര്‍ക്ക് സമ്മാനിച്ചത്.  ഇക്കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പിലെത്തിയ കുട്ടികളെ ഗാര്‍ഡ് ഓഫ് ഓണര്‍ ചെയ്താണ് സ്വീകരിച്ചത്.  തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഗാര്‍ഡിലെത്തിയ കുട്ടികള്‍ക്ക് ആയുധപരിചയം നടത്തി.  

ആര്‍മി ഉപയോഗിക്കുന്ന ആയുധങ്ങള്‍ കുട്ടികള്‍ക്ക് തൊട്ടുനോക്കുന്നതിനുള്ള അവസരം നല്‍കുക മാത്രമല്ല അവ ഉപയോഗിക്കുന്നവിധവുമൊക്കെ ലളിതമായി സുബേദാര്‍ രാജീവ്.ജിയുടെ നേതൃത്വത്തില്‍ വിവരിച്ചു.  തുടര്‍ന്ന് വാര്‍മെമ്മോറിയല്‍ പോയിന്റില്‍ കുട്ടികള്‍ വീരമൃത്യുവരിച്ച വീര ജവാന്മാര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ചു.  പി.ടി ഗ്രൗണ്ടിലെ പരിശീലന രീതികള്‍, വെടിയുതിര്‍ക്കല്‍, നീന്തല്‍പ്രകടനങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നു.  ഓരോ പ്രകടനങ്ങള്‍ക്കൊടുവില്‍ കരഘോഷമുതിര്‍ത്താണ് സെന്ററിലെ കുട്ടികള്‍ അവരുടെ ആഹ്ലാദം അറിയിച്ചത്.  തുടര്‍ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ ജവാന്മാര്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചു.

സന്ദേസേ ആത്തേ ഹേ… എന്ന ബോര്‍ഡര്‍ മൂവിയിലെ ഗാനവും ഇന്ദ്രജാലാവതരണവും സൈനികരുടെ മനംകവര്‍ന്നു.  
ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭകള്‍ നല്‍കിയ ആശംസാകാര്‍ഡുകളും അവതരിപ്പിച്ച കലാപരിപാടികളും ഏറെ ഹൃദ്യമായിരുന്നുവെന്നും ആര്‍മി ദിനത്തില്‍ ലഭിച്ച വലിയൊരു സമ്മാനമാണിതെന്നും ബ്രിഗേഡിയല്‍ അനുരാഗ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കേണല്‍ എ.കെ സിംഗ്, ക്യാപ്ടന്‍ ദുബേ അഭിഷേക് വിനോദ്, ലെഫ്റ്റനന്റ് കേണല്‍ അരുണ്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു.  കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും ഡിഫറന്റ് ആര്‍ട് സെന്ററിനും ആര്‍മി പ്രത്യേക മെമെന്റോകള്‍ സമ്മാനിച്ചു.  
ഡിഫറന്റ് ആര്‍ട് സെന്ററിലെ നൂറില്‍പ്പരം കുട്ടികളാണ് ക്യാമ്പിലെത്തിയത്. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, ഡി.എ.സി അദ്ധ്യാപകര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.  കുട്ടികള്‍ക്ക് സ്‌നേഹവിരുന്നും നല്‍കിയാണ് മടക്കിയയച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button