AmericaLatest NewsLifeStylePolitics

ചിക്കാഗോയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ ശക്തമാക്കി.

ചിക്കാഗോ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് ചിക്കാഗോയില്‍ വന്‍ ഇമിഗ്രേഷന്‍ ഓപ്പറേഷന്‍ ആരംഭിച്ചു. മള്‍ട്ടി ഏജന്‍സി ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്‍ ആരംഭിച്ചതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച ഔദ്യോഗികമായി അറിയിച്ചു.

നാടുകടത്തല്‍ നടപടികളില്‍ മുന്നിട്ടിറങ്ങാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ എമില്‍ ബോവ് ചിക്കാഗോയിലേക്ക് എത്തും. ഓപ്പറേഷനുകള്‍ക്കായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്സ്പ്ലോസീവ്സ്, യുഎസ് മാര്‍ഷല്‍സ് എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ രംഗത്തിറങ്ങി.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഓപ്പറേഷനില്‍ ഞായറാഴ്ച 956 പേരെ അറസ്റ്റുചെയ്തതായി വക്താവ് വ്യക്തമാക്കിയെങ്കിലും ചിക്കാഗോയില്‍ നിന്നുള്ളവരുടെ കണക്ക് വ്യക്തമല്ല. നാടുകടത്തല്‍ ശ്രമങ്ങള്‍ ചിക്കാഗോയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

പിടിയിലായവരില്‍ ചിലര്‍ കുപ്രസിദ്ധ കുറ്റവാളികളും തീവ്രവാദികളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ അതിര്‍ത്തി ഉദ്യോഗസ്ഥന്‍ ടോം ഹോമാനും പ്രമുഖ സൈക്കോളജിസ്റ്റും ടെലിവിഷന്‍ താരവുമായ ഡോ. ഫിലും ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരുടെ താമസസ്ഥലമായ ചിക്കാഗോയിലുണ്ടായ ഈ നടപടികള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

പ്രദേശവാസികള്‍ ആശങ്കയിലായതായും ദൗത്യങ്ങള്‍ തുടരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Show More

Related Articles

Back to top button