വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് കരിങ്കൊടി പ്രതിഷേധം; രാധയുടെ കുടുംബത്തെ സന്ദർശിച്ചു.
മാനന്തവാടി ∙ വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപിയ്ക്ക് സി.പി.എം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് വരും വഴിയിൽ കണിയാരത്ത് നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പ്രിയങ്കയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി കാട്ടി. “പ്രശ്നങ്ങളുണ്ടായാൽ മാത്രമാണ് എംപി വയനാട്ടിലെത്തുന്നത്” എന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും കൂടെയുണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിട്ട് കണ്ട പ്രിയങ്ക അവരെ ആശ്വസിപ്പിച്ചു. തുടർന്ന്, ആത്മഹത്യ ചെയ്ത എൻ.എം. വിജയന്റെ വീടും സന്ദർശിക്കും.
പ്രിയങ്ക ഗാന്ധി യു.ഡി.എഫിന്റെ മലയോര സംരക്ഷണ ജാഥയിലും പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലെ ജാഥയിൽ എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിന് പുറമെ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിലും പങ്കെടുക്കും.
കടുവയുടെ ആക്രമണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പ്രിയങ്ക ഗാന്ധിക്കായി ശക്തമായ സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.