
ന്യൂഡല്‍ഹി: യുഎസില്‍ നിന്നും നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരുമായി സൈന്യത്തിന്റെ സി27 വിമാനം ഇന്ന് ഉച്ചയോടെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെത്തും. വിമാനത്തില്‍ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്ന് പഞ്ചാബ് എന്‍ആര്‍ഐ മന്ത്രി കുല്‍ദീപ് സിങ് ധലിവാള്‍ പ്രതികരിച്ചു. യുഎസ് അധികൃതര്‍ തയ്യാറാക്കിയ പട്ടികയില്‍ ആകെയുള്ള 15 ലക്ഷം പേരില്‍ 18,000 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാടുകടത്തലിന്റെ ഭാഗമായി ഇതുവരെ 5,000ല്‍ അധികം ഇന്ത്യക്കാരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.