“തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ ഇല്ലാതാകും”; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനെതിരെ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
നേരത്തെ തന്നെ, ഇറാന്റെ ഭാഗത്തുനിന്ന് ട്രംപിനെ വധിക്കാന്‍ ശ്രമം ഉണ്ടായേക്കാമെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2020-ല്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഖുദ്സ് ഫോഴ്സിന്റെ തലവനായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതില്‍ ട്രംപിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണമുണ്ട്. അതേസമയം, ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിക്കിടെ ട്രംപിന് ചെവിയില്‍ വെടിയേറ്റ സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന വാദമുണ്ടായിരുന്നെങ്കിലും ഇതുവരെ അതിന് തെളിവുകള്‍ ലഭ്യമായിട്ടില്ല.
ഇറാന്‍ ആണവായുധം വികസിപ്പിക്കുകയാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ രാജ്യത്തെതിരേ പുതിയ ഉപരോധനയങ്ങള്‍ നടപ്പിലാക്കാന്‍ ട്രംപ് തീരുമാനിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. “ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ഈ ഉപരോധം നിര്‍ണായകമാണ്. എന്നിരുന്നാലും, ഇത് പ്രയോഗിക്കേണ്ടിവരില്ലെന്നാണ് എന്റെ പ്രതീക്ഷ,” എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
“എന്നെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ അതിന് ഭീമമായ തിരിച്ചടി നേരിടേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ ഇല്ലാതാകും,” എന്ന് ട്രംപ് വ്യക്തമാക്കി. ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.