
വാഷിംഗ്ടൺ: ഗാസയിലെ പലസ്തീനികളെ ഒഴിപ്പിച്ച് അവിടെ ഉല്ലാസ കേന്ദ്രം നിർമ്മിക്കാമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തോട് പ്രതികൂല പ്രതികരണങ്ങൾ ഉയർന്നതോടെ, അമേരിക്കൻ ഭരണകൂടം ഇപ്പോൾ സംഭാഷണത്തിന് വഴിതെളിക്കുന്നു.
ഗ്വാട്ടിമാലയിൽ സന്ദർശനം നടത്തുന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ട്രംപിന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുതെന്ന് വിശദീകരിച്ചു. “ഗാസയെ ശുദ്ധീകരിച്ച് വികസനത്തിന് തയ്യാറാക്കാൻ യുഎസ് സന്നദ്ധമാണ്” എന്നാണ് റുബിയോ വ്യക്തമാക്കിയത്. അവിടെ പൊട്ടാത്ത ബോംബുകളും തകർന്ന കെട്ടിടങ്ങളും നിലനിൽക്കുന്നതിനാൽ, അതിവരെ സുരക്ഷിതമല്ല എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു: “ഗാസയിലേക്കു സൈന്യത്തെ അയക്കാമെന്നു ട്രംപ് ഉറപ്പു നൽകിയിട്ടില്ല.” പുനർനിർമാണം നടക്കുമ്പോൾ, പലസ്തീനികളെ തൽക്കാലികമായി മാറ്റിവയ്ക്കുകയെന്നതായിരുന്നു പ്രസിഡന്റിന്റെ ഉദ്ദേശമെന്നും അവർ കൂട്ടിച്ചേർത്തു.
ഗാസ പുനർനിർമാണത്തിന് അമേരിക്ക പണമൊന്നും ചെലവഴിക്കില്ല എന്നും ട്രംപ് പങ്കാളി രാജ്യങ്ങളുമായി ആലോചനകൾ നടത്തുമെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ സമാധാനം സാധ്യമാകണം എന്നതാണ് ട്രംപിന്റെ ലക്ഷ്യം
.”പെട്ടെന്നുള്ള നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. യഥാർത്ഥത്തിൽ യുഎസ് ഗാസയെ ഏറ്റെടുക്കുന്നില്ല,” റുബിയോ വിശദീകരിച്ചു.