ചിക്കാഗോക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കേസ്; കുടിയേറ്റ നയത്തിൽ ഇടപെടലെന്ന് ആരോപണം.

വാഷിംഗ്ടൺ: ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് ചിക്കാഗോ നഗരത്തിന് എതിരെ യുഎസ് നീതിന്യായ വകുപ്പ് കേസ് ഫയൽ ചെയ്തു. ഡൊണാൾഡ് ട്രംപ് ഭരണകാലത്ത് കുടിയേറ്റ വിരുദ്ധ നടപടികൾ വേഗത്തിലാക്കുന്നതിനിടെയാണ് പുതിയ നിയമനടപടിയെന്നത് ശ്രദ്ധേയമാണ്.
ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറെയും ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണെയും കുറ്റപ്പെടുത്തിയാണ് കേസ്. ഫെഡറൽ ഇമിഗ്രേഷൻ നയത്തിൽ നഗര ഭരണകൂടം ഇടപെടുകയും, പ്രാദേശിക നിയമങ്ങൾ വഴി നടപടി തടയാൻ ശ്രമിക്കുകയുമാണെന്നാരോപിച്ചാണ് നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ഫെഡറൽ ശ്രമങ്ങൾക്ക് സഹകരിക്കില്ലെന്ന നിലപാട് നിലനിർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഇല്ലിനോയ്. ഇത് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്ക് വെല്ലുവിളിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുടിയേറ്റ വിരുദ്ധ നടപടികൾക്ക് പിന്തുണ നൽകാത്ത “സങ്കേത നഗരങ്ങൾ”ക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. ഇല്ലിനോയ് സംസ്ഥാനത്തിന്റെ ‘ട്രസ്റ്റ് ആക്റ്റ്’ അനുസരിച്ച്, വെറും വാറണ്ട് ഉള്ളതിന്റെ പേരിൽ മാത്രം കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ല. ചിക്കാഗോ നഗര ഓർഡിനൻസ് പ്രകാരം, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർക്ക് നഗര സൗകര്യങ്ങൾ ഉപയോഗിക്കാൻ പോലും അനുമതിയില്ല.
“ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണത്തിനും നിയമവിരുദ്ധരായ വിദേശികൾക്കെതിരെ നടപടിയെടുക്കുന്നതിനും ഇത് വലിയ തടസമാണെന്ന്” ട്രംപ് അനുകൂലികളായ വക്താക്കൾ ആരോപിക്കുന്നു. ചിക്കാഗോയ്ക്ക് എതിരെ യുഎസ് ബോർഡർ മുൻ ഉദ്യോഗസ്ഥനായ ടോം ഹോമാൻ യുദ്ധം പ്രഖ്യാപിച്ചതായി സൂചന.