ഓ ഐ സി സിക്ക് ബോൾട്ടനിൽ (മാഞ്ചസ്റ്റർ) ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രൻ, എം എം നസീർ, ഇൻകാസ് നേതാവ് മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും
ബോൾട്ടൻ: യു കെ പ്രവാസി മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി) – ക്ക് മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. ഫെബ്രുവരി 14ന് യു കെയിൽ തന്റെ ആദ്യ യൂറോപ്യൻ സന്ദർശനത്തിനെത്തുന്ന പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഓ ഐ സി സി ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദർശിനി വായനശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.
യു കെയിലെ ഓ ഐ സി സിയുടെ ചുമതല വഹിക്കുന്ന കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ എക്സ് എം എൽ എ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിക്കും. നാഷണൽ / റീജിയനൽ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.
നവ നാഷണൽ കമ്മിറ്റി ചുമതലയേറ്റ ശേഷം നാട്ടിൽ നിന്നും വരുന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ, ഗംഭീര സ്വീകരണമാണ് എം എൽ എക്കും കെപിസിസി ഭാരവാഹികൾക്കും ഒരുക്കിയിരിക്കുന്നത്.
ഓ ഐ സി സിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാർഥ്യമാകുന്നത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങൾ ഒരുക്കും. കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ ആണ് മറ്റൊരു ആകർഷണം.
ഓ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ കീഴിൽ പുതുതായി രൂപീകരിച്ച ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം യൂണിറ്റുകളുടെ മെമ്പർഷിപ്പ് ക്യാമ്പയിനും പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും. ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം ലിവർപൂൾ, പീറ്റർബൊറോ യൂണിറ്റുകളുടെ ഭാരവാഹികൾക്കുള്ള ‘ചുമതലപത്രം’ കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടക്കും.
ചടങ്ങുകളിലേക്ക് കുടുംബസമേതം ഏവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റോമി കുര്യാക്കോസ്