ഗാസയിൽ നിന്ന് ബന്ദികളെ മോചിപ്പിക്കാൻ അന്തിമ സമയപരിധി നിശ്ചയിച്ച് ട്രംപ്

ജറുസലേം: ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ഈ സമയം പരിധിയ്ക്കുള്ളിൽ ബന്ദികളെ വിട്ടയക്കില്ലെങ്കിൽ, അവർക്കായി നരകമൊരുങ്ങുമെന്ന് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.ഹമാസ് ബന്ദി മോചനത്തിന് തയ്യാറായില്ലെങ്കിൽ വീണ്ടും ആക്രമണം ആരംഭിക്കാനും, ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാനും യുഎസ് ആഹ്വാനം ചെയ്യും. ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്ന ആറ് ആഴ്ച നീണ്ട വെടിനിർത്തൽ കരാർ ഇസ്രയേൽ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, ഹമാസ് നേരത്തെ ബന്ദികളെ കൈമാറില്ലെന്നു പ്രഖ്യാപിച്ചിരുന്നു.വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകൾ പുരോഗമിക്കുമ്പോൾ, ബന്ദി മോചനം ഇല്ലെന്ന ഹമാസിന്റെ നിലപാട് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇതോടെയാണ് യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെടലിന് മുന്നിട്ടിറങ്ങിയതും, കർശന നിർദ്ദേശം നൽകിയത്.