പാരിസിൽ എഐ ഉച്ചകോടിക്ക് തുടക്കം: പ്രധാനമന്ത്രി മോദി, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ നേതൃസ്ഥാനത്ത്

പാരീസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് പാരിസിൽ ആഘോഷപൂർവം തുടക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് ഉച്ചകോടിക്ക് നേതൃത്വം നൽകുന്നു. 100 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കുന്നു.
പാരിസിൽ എത്തിയ പ്രധാനമന്ത്രി മോദി, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിനിടെ യുഎസ് വൈസ് പ്രസിഡന്റ് വാൻസുമായി ആശയവിനിമയം നടത്തി. വാൻസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് മോദി ആശംസകൾ നേർന്നു, ഇത് ട്രംപ് ഭരണകൂടത്തിലെ ഉന്നത നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ആശയവിനിമയമായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ മക്രോൺ പങ്കുവച്ചിട്ടുണ്ട്.
ഫ്രാൻസുമായി ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. മോദി ഫ്രാൻസിലെ വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്യും. കൂടാതെ, മാർസെയിലിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കും.
ബുധനാഴ്ച അമേരിക്കയിലേക്ക് പുറപ്പെടുന്ന മോദി, വ്യാഴാഴ്ച വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായിരിക്കും ചർച്ചകൾ കേന്ദ്രീകരിക്കുക.