IndiaKeralaLatest NewsNewsPolitics

ഭവന സംരക്ഷണത്തിൽ സർക്കാർ ഉറച്ച് നിൽക്കും: വീടുകൾ ജപ്തി ചെയ്യരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീടാണ് ജാമ്യമെങ്കിൽ അതിനെ ജപ്തി ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. വീടാണ് ആശ്രയം, അതിനാൽ വീടുകൾ ജപ്തി ചെയ്ത് ആളുകളെ വഴിയാധാരമാക്കാൻ പാടില്ലെന്നും സർക്കാർ ഈ നിലപാട് കർശനമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ മേഖല ഈ വിഷയത്തിൽ മാതൃക കാണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തമായി വീടില്ലാത്തവർക്ക് ഭവനം ഒരുക്കുന്നതിനായി സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നെൽവയൽ-തണ്ണീർത്തട പരിധിയിലായാലും ഡാറ്റാ ബാങ്കിൽപ്പെട്ടാലും ഗ്രാമ പഞ്ചായത്തുകളിലും നഗര പ്രദേശങ്ങളിലും നിശ്ചിത തോതിൽ ഭൂമി അനുവദിച്ച് വീടുണ്ടാക്കാൻ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രാമ പഞ്ചായത്തുകളിൽ 10 സെന്റും നഗരസഭകളിൽ 5 സെന്റുമാണ് വീടിന്റെ നിർമാണത്തിനുള്ള അടിസ്ഥാന ഉപാധി.

അർഹതപ്പെട്ടവർക്ക് വീടിന്റെ അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും, അനുമതി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിലെ ടി.ഐ മധുസൂധനന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2016-ൽ ആരംഭിച്ച എൽഡിഎഫ് സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 4,27,000 പേർക്ക് വീടുകൾ നിർമ്മിച്ച് നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഭവന സമ്പാദനത്തിനായി സംസ്ഥാന സർക്കാർ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. വീടുകൾക്ക് അനുമതി ലഭിക്കുന്നതിൽ തടസങ്ങൾ നേരിടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണസംവിധാനം കൂടുതൽ സജീവമാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button