
വാഷിംഗ്‌ടൺ ഡി.സി: റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ റോബർട്ട് എഫ്. കെന്നഡി ജൂനിയറെ ആരോഗ്യ-മനുഷ്യ സേവന വകുപ്പിന്റെ തലവനായി സെനറ്റ് സ്ഥിരീകരിച്ചു. ഡെമോക്രാറ്റുകൾ ശക്തമായി എതിർത്തിട്ടും 52 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ വോട്ടോടെയാണ് അദ്ദേഹം സ്ഥാനത്തിന് അംഗീകാരം നേടിയത്.
പ്രസിഡന്റ് ട്രംപിന്റെ നോമിനിയെ എതിർത്ത ഏക റിപ്പബ്ലിക്കൻ സെനറ്റർ മിച്ച് മക്കോണൽ ആയിരുന്നു. മക്കോണൽ മുമ്പ് തുൾസി ഗബ്ബാർഡിനെയും (ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക്) പീറ്റ് ഹെഗ്സെത്തിനെയും (പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്) എതിർത്തിട്ടുമുണ്ട്. 1985 മുതൽ സെനറ്റിൽ പ്രവർത്തിക്കുന്ന 82 കാരനായ മക്കോണൽ, പാർട്ടി നേതാവായി ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.ഫിസിഷ്യനും സെനറ്റിന്റെ ആരോഗ്യ കമ്മിറ്റി ചെയർമാനുമായ ബിൽ കാസിഡി (റിപ്പബ്ലിക്കൻ-ലൂസിയാന) ആദ്യം കെന്നഡിയെ എതിർത്തുവെങ്കിലും, അദ്ദേഹത്തിന് നൽകിയ വാഗ്ദാനങ്ങളെത്തുടർന്ന് കഴിഞ്ഞ ആഴ്ച പിന്തുണ പ്രഖ്യാപിച്ചു.