യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് സംരക്ഷണമില്ല: പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ∙ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്നവർക്കു അവിടെ താമസിക്കാനുള്ള അവകാശമില്ല. മനുഷ്യക്കടത്ത് അവസാനിപ്പിക്കാനായി ഇന്ത്യയും യുഎസും സംയുക്തമായി പ്രവർത്തിക്കണം,” എന്ന് മോദി പറഞ്ഞു.
യുഎസ് 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് നാടുകടത്തിയതിനെ തുടർന്ന് ഉയർന്ന വിവാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കുടിയേറ്റത്താൽ ഇന്ത്യയിലെ പാവപ്പെട്ട ചെറുപ്പക്കാർ വഞ്ചിക്കപ്പെടുന്നുവെന്നും, പലരെയും മനുഷ്യക്കടത്തുകാർ കബളിപ്പിച്ചാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2008 മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെയും മോദി സ്വാഗതം ചെയ്തു. “ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒന്നിച്ചുനില്‍ക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതിവാതകവും നൽകുന്ന സുപ്രധാന ഊർജ കരാറിൽ ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.