കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് കേസിൽ പ്രിൻസിപ്പലിനേയും അസിസ്റ്റന്റ് പ്രഫസറേയും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ് സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനേയും അസിസ്റ്റന്റ് പ്രഫസറേയും സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പൽ പ്രഫ. സുലേഖ എ.ടി, അസി. പ്രഫസർ അജീഷ് പി. മാണി എന്നിവർക്കെതിരായാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും കോളജിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്‌തതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രഫസറായിരുന്നു. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
റാഗിങ് കേസിൽ അഞ്ചുപേർ പൊലീസ് പിടിയിലായി. സീനിയർ നഴ്സിങ് വിദ്യാർത്ഥികളായ കോട്ടയം, മലപ്പുറം, വയനാട് സ്വദേശികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർത്ഥികളെ കഴിഞ്ഞ മൂന്ന് മാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയത്. ഇവർ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയതും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ പ്രതികളായ Samuel Johnson (20), Rahul Raj (22), Jeev (18), Rijil Jith (20), Vivek (21) എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.