യുക്രെയ്ൻ വിഷയത്തിൽ ട്രംപിന്റെ നിലപാട്: യൂറോപ്യൻ നേതാക്കൾ അടിയന്തര യോഗത്തിൽ

പാരീസ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളെ അവഗണിച്ചതിന് പിന്നാലെ പ്രധാന യൂറോപ്യൻ നേതാക്കൾ പാരീസിൽ അടിയന്തര യോഗം ചേരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യു.എസ്. നിലപാടിലെ മാറ്റം, അതിന്റെ യൂറോപ്യൻ ഭൂഖണ്ഡത്തെ ബാധിക്കാവുന്ന സുരക്ഷാ പ്രശ്നങ്ങൾ എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉഴ്സുല വോൺ ഡെർ ലെയൻ, അന്റോണിയോ കോസ്റ്റ എന്നിവരായിരിക്കും പ്രധാന പങ്കാളികൾ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വോളൊഡിമിർ സെലൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടത്തി ഒരു സമാധാന പ്രക്രിയ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ സമഗ്രമായ ചർച്ചയ്ക്ക് ഒരുങ്ങുന്നത്.അതേസമയം, യു.എസ്. സുരക്ഷാ സഹായത്തിനുപകരമായി അപൂർവ ധാതുക്കൾ കൈമാറേണ്ട കരാറിൽ ഒപ്പുവയ്ക്കരുതെന്ന് സെലൻസ്കി മന്ത്രിമാരോട് നിർദ്ദേശം നൽകിയിട്ടുണ്ട്.