
ന്യൂഡൽഹി: വിദേശത്തേക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കുകയും, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം ടിഡിഎസ് പരിധി 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയാക്കുകയും ചെയ്ത നടപടി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു.കേന്ദ്ര ബജറ്റിൽ സ്വീകരിച്ച ഈ നടപടികൾക്ക് പിന്തുണയുമായി സാന്റമോണിക്ക സ്റ്റഡി എബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ.

2024-ൽ മാത്രം 13 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയത് രാജ്യാന്തര വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയുടെ വളർച്ച സൂചിപ്പിക്കുന്നതാണെന്നും, ഇത് ആഗോളതലത്തിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദേശ വിദ്യാഭ്യാസ ചെലവു വർധിപ്പിക്കുന്ന രൂപയുടെ മൂല്യ ഇടിവും ഉയർന്ന പണപ്പെരുപ്പവും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകുന്നുവെന്നും, വായ്പാ പലിശ നിരക്ക് കുറയ്ക്കലും ലളിതമായ വായ്പാ നടപടിക്രമങ്ങൾ കൊണ്ടുവരലും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുൻ കാലങ്ങളിൽ തൊഴിൽ പരിചയത്തോടെ പ്രവാസമേഖല തേടിയിരുന്ന മലയാളികൾ, ഇന്ന് പന്ത്രണ്ടാം ക്ലാസിന് ശേഷം നേരിട്ട് വിദേശത്തേക്കു പോകുന്നതിൽ വർദ്ധനവാണ്. ഇവർ വിദേശത്തേക്കു പോകാൻ കാരണമായ സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ പിന്തുണ നൽകേണ്ടതാണെന്ന് ഡെന്നി തോമസ് അഭിപ്രായപ്പെട്ടു.