
ലിൻഡൻ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഫെബ്രുവരി 9 ഞായറാഴ്ച ലിൻഡൻ സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. വികാരി ഫാ. സണ്ണി ജോസഫ് നയിച്ച കുർബാനയ്ക്ക് ശേഷം, ഫാമിലി & യൂത്ത് കോൺഫറൻസിനായി ഒരു കിക്കോഫ് മീറ്റിംഗ് ഉണ്ടായിരുന്നു.

ഫാ. സണ്ണി ജോസഫ് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസിന്റെ മുൻ കോർഡിനേറ്റർ എന്ന നിലയിൽ, ബഹുമാന്യനായ സണ്ണി അച്ചൻ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കോൺഫറൻസ് ടീമിൽ ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ, ഫാമിലി കോൺഫറൻസ്), ജെയ്‌സി ജോൺ (സുവനീർ എഡിറ്റർ), റിംഗിൾ ബിജു (ഫിനാൻസ് കമ്മിറ്റി), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരുണ്ടായിരുന്നു.

കോൺഫറൻസിന്റെ വേദി, തീയതി, മുഖ്യ പ്രാസംഗികർ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ, ഉമ്മൻ കാപ്പിൽ നൽകി. കോൺഫറൻസിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന കൂട്ടായ്മയിലൂടെയും സമൂഹ നിർമ്മാണത്തിലൂടെയും അവിസ്മരണീയ ഓർമ്മകൾ സൃഷ്ടിക്കുന്നതിന്റെ ശക്തിയെക്കുറിച്ചും അത് നമ്മുടെ യുവതലമുറയുടെ വളർച്ചയ്ക്ക് എങ്ങനെ സഹായിക്കുന്നു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ജെയ്‌സി ജോൺ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി, നേരത്തെ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ലേഖനങ്ങൾ, സൃഷ്ടിപരമായ കൃതികൾ,
വ്യക്തിഗത ആശംസകൾ, ബിസിനസ്സ് പരസ്യങ്ങൾ എന്നിവ നൽകി സഹകരിക്കുവാൻ ജെയ്‌സി അഭ്യർത്ഥിച്ചു.

വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്പോൺസർഷിപ്പ് പാക്കേജുകളെക്കുറിച്ച് ലിസ് പോത്തൻ വിശദീകരിച്ചു. കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിൽ പങ്കെടുക്കാൻ ഏവരെയും ലിസ് ക്ഷണിച്ചു. കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ടാലന്റ് നൈറ്റ്.

ഇടവകാംഗമായ അഖില സണ്ണി മുൻകാല ഫാമിലി & യൂത്ത് കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവത്തെക്കുറിച്ചും അത് തന്റെ ആത്മീയ ജീവിതത്തെ എങ്ങനെ സമ്പന്നമാക്കി എന്നതിനെക്കുറിച്ചും സംസാരിച്ചു.
രജിസ്ട്രേഷൻ വഴിയും ബിസിനസ് പരസ്യങ്ങളും വ്യക്തിഗത ആശംസകളും സുവനീറിൽ ചേർത്തും കോൺഫറൻസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ഇടവകാംഗങ്ങളെ റിങ്കിൾ ബിജു പരിചയപ്പെടുത്തി.

വികാരിയും ഇടവകാംഗങ്ങളും നൽകിയ ആവേശകരമായ പിന്തുണയ്ക്ക് ഉമ്മൻ കാപ്പിൽ നന്ദി അറിയിച്ചു.
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ

അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.
-ഉമ്മൻ കാപ്പിൽ