റോബര്‍ട്ട് ഒനീലിന്റെ ‘ഓപ്പറേറ്റര്‍ കന്ന കോ’: ബിന്‍ ലാദനെ വധിച്ചതായി അവകാശപ്പെടുന്ന യു.എസ്. സൈനികൻ കഞ്ചാവ് കമ്പനി ആരംഭിച്ചു

ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദനെ വെടിവച്ചു കൊന്നത് താനാണെന്ന് അവകാശപ്പെടുന്ന യു.എസ്. മുന്‍ നാവിക സേനാംഗം റോബര്‍ട്ട് ജെ. ഒനീല്‍ ‘ഓപ്പറേറ്റര്‍ കന്ന കോ’ എന്ന കഞ്ചാവ് കമ്പനി ആരംഭിച്ചു. ന്യൂയോര്‍ക്കിൽ സ്റ്റേറ്റ് ലൈസന്‍സുള്ള മരിജുവാന ബ്രാന്‍ഡ് പ്രവര്‍ത്തിപ്പിക്കാനാണ് ഇയാള്‍ക്ക് അനുമതി ലഭിച്ചത്.സൈനിക ജീവിതത്തെ അടയാളപ്പെടുത്തുന്നതിന് ‘ഓപ്പറേറ്റര്‍’ എന്ന പേരാണ് കമ്പനിയ്ക്ക് നല്‍കിയിരിക്കുന്നത്. ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ശാരീരികമായി അസ്വസ്ഥത അനുഭവിക്കുന്ന വിരമിച്ച സൈനികര്‍ക്ക് കൈമാറുമെന്നും കമ്പനി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.സൈന്യത്തിൽ സേവനം അനുഷ്ഠിക്കുമ്പോള്‍ കഞ്ചാവിന് കര്‍ശന നിരോധനം ഉണ്ടായിരുന്നുവെന്നും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ (PTSD) പോലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിരമിച്ച സൈനികർക്ക് സുരക്ഷിതമായ ഇടപെടലുകൾ ആവശ്യമാണെന്നും ഒനീല്‍ പറയുന്നു.2013ല്‍ ഒരു മാധ്യമ അഭിമുഖത്തില്‍ ബിന്‍ ലാദനെ വധിച്ചത് താനാണെന്ന് റോബര്‍ട്ട് ഒനീല്‍ അവകാശപ്പെട്ടിരുന്നു. 2011-ലാണ് ‘ഓപ്പറേഷന് നെപ്റ്റ്യൂണ്‍ സ്പിയര്‍’ വഴി ബിന്‍ ലാദന് അമേരിക്കന്‍ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.