
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച വിവരം വ്യക്തമാക്കിയത്.സ്കൂളുകളിൽ അച്ചടക്ക സമിതികളും കൗൺസിലിങ് പദ്ധതികളും നിലവിലുണ്ടെങ്കിലും, റാഗിങ് സമ്പൂർണമായി ഇല്ലാതാക്കാനാകാത്ത സാഹചര്യം നിലനിൽക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണുന്നതിനായി സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.വിദ്യാർത്ഥികൾക്കിടയിലെ നല്ല ബന്ധം വളർത്തുന്നതിനും അധ്യാപകരോട് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയുന്നതിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.