ഗാന്ധി കലാപ്രദര്‍ശനം ഇന്ന് (ഫെബ്രു. 18) സമാപിക്കും: സമാപന ചടങ്ങില്‍ എം. കെ സാനു പങ്കെടുക്കും.

കൊച്ചി: കഴിഞ്ഞ ഇരുപത് ദിവസമായി എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനം ഇന്ന് (ഫെബ്രു. 18) സമാപിക്കും. ഗാന്ധി തന്റെ ജീവിതത്തിലെ അവസാന പതിനെട്ട് മാസം നടത്തിയ യാത്രകളിലൂടെ കവിയും ചരിത്രകാരനുമായ പി. എന്‍ ഗോപികൃഷ്ണനും ഫോട്ടോഗ്രാഫര്‍ സുധീഷ് എഴുവത്തും നടത്തിയ സഞ്ചാരമാണ് ചിത്രങ്ങള്‍, വീഡിയോകള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയടങ്ങിയ നവമാധ്യമ കലാപ്രദര്‍ശനമായി ഒരുക്കിയത്. ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തും ജയരാജ് സുന്ദരേശനുമാണ് ക്യൂറേറ്റര്‍മാര്‍.
ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനമായ 2025 ജനുവരി 30ന് ആരംഭിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായി ഗാന്ധിദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രഭാഷണപരിപാടികളും സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന്റെ നാനതുറയിലുള്ള പ്രമുഖര്‍ പങ്കെടുത്തു. സന്ദര്‍ശകരില്‍ നിന്നും പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ന് (ഫെബ്രു. 18) വൈകിട്ട് 5.30ന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രൊഫ. എം. കെ സാനു, ഷാജി പ്രണത തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പ്രദര്‍ശനത്തിന് നേതൃത്വം കൊടുത്ത പി. എന്‍ ഗോപികൃഷ്ണന്‍, സുധീഷ് എഴുവത്ത്, മുരളി ചീരോത്ത്, ജയരാജ് സുന്ദരേശന്‍ എന്നിവരെ ആദരിക്കും.