
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സൂചനകൾ വ്യക്തമാകുന്നു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടെസ്ലയുടെ ലിങ്ക്ഡ്ഇൻ പേജിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ജോബ് ലിസ്റ്റിംഗുകൾ പ്രകാരം, കമ്പനിക്ക് 13 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കുറഞ്ഞത് അഞ്ചോളം തസ്തികകളിലേക്കാണ് നിയമനം. കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ്, സർവീസ് ടെക്‌നീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അവസരങ്ങൾ.2023 ഓഗസ്റ്റിൽ ടെസ്‌ലയുടെ ഇന്ത്യൻ വിഭാഗമായ ടെസ്‌ല ഇന്ത്യൻ മോട്ടോർ ആന്റ് എനർജി പുണെയിൽ ഓഫീസ് തുറന്നിരുന്നു. വിമൻ നഗറിലെ പഞ്ച്ഷിൽ ബിസിനസ് പാർക്കിൽ 5,850 ചതുരശ്ര അടിയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്, പ്രതിമാസ വാടക 11.65 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു.ഇതിനുമുന്‍പ് 2021 ജനുവരിയിൽ ടെസ്‌ല ബെംഗളുരുവിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. നിലവിൽ, ഇന്ത്യയിൽ വാഹന ഇറക്കുമതി തീരുവ കുറയ്ക്കപ്പെട്ടതോടൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ടെസ്ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം ഏറെ സജീവമായിരിക്കുകയാണ്.