
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ താരം മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് (39) അന്തരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.എമര്‍ജന്‍സി മെഡിക്കല്‍ സംഘം എത്തുമ്പോള്‍ മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് അബോധാവസ്ഥയിലായിരുന്നു, കൂടാതെ നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. മരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് അറിയിച്ചു.അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ്, അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മൂന്നാം വയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന്, ‘ദി അഡ്വഞ്ചര്‍ ഓഫ് പെറ്റെ ആന്‍ഡ് പെറ്റെ’, ‘ഹാരിയറ്റ് ദി സ്‌പൈ’ തുടങ്ങിയ ടി.വി. സീരിസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ‘ബഫി ദ് വാംപയര്‍ സ്ലേയര്‍’ എന്ന ടി.വി. സീരിസിലെ അഭിനയമാണ് അവരെ ഏറെ പ്രശസ്തയാക്കിയത്.