സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ പറക്കല്‍ മാറ്റിവച്ചു

വാഷിംഗ്ടണ്‍: ടെക്‌സാസ് സൗത്തില്‍ നിന്ന് ചൊവ്വാഴ്ച നടത്താനിരുന്ന സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണ പറക്കല്‍ സ്പേസ് എക്‌സ് സാങ്കേതിക തകരാര്‍ കാരണം മാറ്റിവെച്ചു. കമ്പ്യൂട്ടറുകള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച വീണ്ടും വിക്ഷേപണ ശ്രമം നടത്താനാണ് കമ്പനിയുടെ പദ്ധതിയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷണ പറക്കലിന്റെ ലൈവ് സ്ട്രീമിനിടെയാണ് പരീക്ഷണം റദ്ദാക്കിയതായി അറിയിപ്പ് വന്നത്. പറന്നുയരുന്നതിനായി 40 സെക്കന്‍ഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചത്. ചൊവ്വാഴ്ച തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ മറ്റൊരു വിക്ഷേപണ ശ്രമം ഉണ്ടാകാമെന്നുമാണ് സ്പേസ് എക്‌സ് അറിയിച്ചത്.
ജനുവരിയില്‍ നടത്തിയ പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്റര്‍ വിജയകരമായി തിരിച്ചെത്തിയെങ്കിലും റോക്കറ്റിന്റെ മുകളിലെ ഭാഗം കത്തിയമരുകയായിരുന്നു. ഇത്തവണ സുരക്ഷിതവും സുഗമവുമായ വിക്ഷേപണമാണ് ലക്ഷ്യമിടുന്നത്.
ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 403 അടി ഉയരമുള്ള ഈ റോക്കറ്റ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ 100 അടി നീളമേറെയാണ്. 33 റാപ്റ്റര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ കൊണ്ടുപോകുന്നതിനായി ഇതിന്റെ രൂപകല്‍പ്പനയാണ്.
സ്പേസ് എക്‌സ് ഇതിനകം തന്നെ അതിന്റെ അടിസ്ഥാന രൂപകല്‍പ്പന വിജയകരമായി പരീക്ഷിച്ചു. ഈ വര്‍ഷം തന്നെ ഒന്നിലധികം പരീക്ഷണ പറക്കലുകള്‍ നടത്താനും 2025-ല്‍ 25 വിക്ഷേപണങ്ങള്‍ക്ക് വരെ അനുമതി ലഭിക്കാനുമാണ് കമ്പനിയുടെ പദ്ധതി.