വൈറ്റ് ഹൗസിന് സമീപം വെടിയുതിർത്ത് യുവാവ്; സുരക്ഷാസേന ഏറ്റുമുട്ടലിൽ കീഴടക്കി

വാഷിംഗ്ടൺ :അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തി വെടിയുതിർത്ത് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സുരക്ഷാ സേനയ്ക്ക് സമീപത്തായി വെടിയുതിർന്ന യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ച് വെടിവച്ച് കീഴടക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
വെടിയേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിനു സമീപം നടന്ന സംഭവത്തിൽ സംശയാസ്പദമായ നീക്കങ്ങൾക്കായി രഹസ്യാന്വേഷണ വിഭാഗം മുൻകരുതലെടുത്തിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പ്രാദേശിക പൊലീസിന്റെ മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന അതീവ ജാഗ്രത പുലർത്തിയത്.
വാഷിംഗ്ടണിലെ 17-ാം സ്ട്രീറ്റിനും എഫ് സ്ട്രീറ്റിനും സമീപം അർധരാത്രിയോടെ അക്രമിയുടെ പാർക്ക് ചെയ്തിരുന്ന വാഹനം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും വൈറ്റ് ഹൗസിന് സമീപം നീക്കങ്ങൾ നടന്നിരുന്നുവെന്നതിനാൽ ശക്തമായ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവസമയത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥലത്തില്ലായിരുന്നു. ട്രംപ് ഫ്ലോറിഡയിൽ ഉണ്ടായിരുന്നു എന്ന് അധികൃതർ സ്ഥിരീകരിച്ചു.