
വാഷിംഗ്ടൺ ∙ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (ഡിഎൻഐ) തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യ സന്ദർശിക്കും. ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ഒരു ബഹുരാഷ്ട്ര യാത്രയുടെ ഭാഗമായി ഇന്ത്യയിലേക്കെത്തുന്ന ഇവർ, തിങ്കളാഴ്ച യാത്ര ആരംഭിച്ചു. ഇന്ത്യയ്ക്കു പുറമേ ജപ്പാൻ, തായ്ലൻഡ് എന്നിവിടങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു.
യാത്രാ പര്യടനത്തിനിടെ ഹോണോലുലുവിലാണ് ആദ്യം എത്തുക. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനം, സ്വാതന്ത്ര്യം, സമൃദ്ധി എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശക്തമായ ബന്ധങ്ങൾ, ധാരണ, തുറന്ന ആശയവിനിമയ മാർഗങ്ങൾ എന്നിവ വികസിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് തുള്‍സി ഗബ്ബാർഡ് വ്യക്തമാക്കി.
യു.എസ്. ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീത ഉപയോഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് തുള്‍സി. ഹിന്ദു മത വിശ്വാസിയായ അമേരിക്കൻ വംശജയായ തുള്‍സിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത് എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് തുള്‍സിയുടെ ഈ ഇന്ത്യാ യാത്ര. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ ‘ശക്തമായ വക്താവ്’ എന്ന വിശേഷണവും തുള്‍സി ഗബ്ബാർഡിന് ലഭിച്ചു. മോദിയെ സ്വാഗതം ചെയ്യാനായത് ഒരു ‘ബഹുമതി’ എന്നതും തുള്‍സി ഗബ്ബാർഡ് പ്രതികരിച്ചു.