കേരളത്തിന് പുതിയ ഡിജിപി: എം.ആർ. അജിത്കുമാറും പരിഗണനയിൽ

തിരുവനന്തപുരം ∙ സംസ്ഥാന പോലീസ് മേധാവി എസ്.ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കാനിരിക്കെ പുതിയ ഡിജിപിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. പുതിയ പൊലീസ് മേധാവിയായി നിയമനം ലഭിക്കുന്നതിനുള്ള സാധ്യതാപട്ടികയിൽ ആറുപേർ ഉൾപ്പെടും. ഈ പട്ടികയിൽ ഡിജിപിമാരായ നിധിൻ അഗർവാൾ, റാവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്കുമാർ എന്നിവരുണ്ട്.
നിലവിൽ എഡിജിപിയായ മനോജ് ഏബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിലെത്തും. അതേസമയം, ഫയർഫോഴ്‌സ് ഡിജിപിയായ കെ. പത്മകുമാർ ഏപ്രിലിൽ വിരമിക്കുമ്പോൾ സുരേഷ് രാജ് പുരോഹിതിനാണ് ഡിജിപി സ്ഥാനത്തേക്ക് എത്തേണ്ടത്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയിൽ രണ്ടാമനായ പുരോഹിതിന് ഒരു വർഷം കൂടി അവിടെ സേവനം നീട്ടി നൽകിയ സാഹചര്യത്തിൽ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തില്ല. ഇതുമൂലം ഡിജിപി തസ്തികയിലെത്തേണ്ടത് എം.ആർ. അജിത്കുമാറായിരിക്കും.
കേരളം തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് മൂന്നു പേരെയാണ് കേന്ദ്രം തിരിച്ച് അയയ്ക്കുക. ഇതിൽനിന്ന് സംസ്ഥാന സർക്കാർ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കും.