
വാഷിംഗ്ടൺ ∙ യെമനിലെ ഹൂതി ഗ്രൂപ്പിനെതിരായ മിസൈൽ ആക്രമണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ നടപടിയിൽ പ്രത്യാക്രമണ ശ്രമം ഹൂതികൾ തുടരുകയാണെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ നാശം നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകി.
ഹൂതി തീവ്രവാദികളോട് ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നു വ്യക്തമാക്കിയ ട്രംപ്, “നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതൽ നിങ്ങളുടെ ആക്രമണം അവസാനിപ്പിക്കുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നരകം നിങ്ങളുടെമേൽ പെയ്തിറങ്ങും” എന്നായിരുന്നു കർശന പ്രതികരണം. അമേരിക്കൻ സേന ജനുവരി മുതലാണ് ഹൂതികളുടെ നീക്കത്തിനെതിരായ നടപടി ശക്തമാക്കിയത്.
യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 24 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹൂതികൾ ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങൾ ലക്ഷ്യമിട്ടാണോ അമേരിക്കയുടെ നടപടിയെന്നതിൽ വ്യക്തതയില്ല. എന്നാൽ ചെങ്കടൽ വഴി കടത്തിവിടുന്ന വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അമേരിക്കൻ വിശദീകരണം.