സുനിതാ വില്യംസിനെയും സംഘത്തെയും തിരികെ എത്തിച്ച സംഭവം; ട്രംപിന്റെയും മസ്കിന്റെയും പ്രതികരണങ്ങൾ രാഷ്ട്രീയ ചർച്ചയാകുന്നു
വാഷിംഗ്ടൺ: ഒമ്പത് മാസത്തെ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിതാ വില്യംസും ബുച്ച് വിൽമറും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചു. ഇവരുടെ മടങ്ങിവരവിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്പേസ് എക്‌സ് സിഇഒ എലോൺ മസ്കും വിവിധ പ്രതികരണങ്ങളുമായി രംഗത്തെത്തി. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ട്രംപ് മുൻപ് ഇവരെ തിരികെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഇപ്പോൾ അതു പാലിച്ചിരിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
“വാക്ക് പറഞ്ഞു, വാക്ക് പാലിച്ചു; ബഹിരാകാശ യാത്രികരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. ഇന്ന് അവർ സുരക്ഷിതമായി ഭൂമിയിലെത്തി,” – വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്വീറ്റിൽ വ്യക്തമാക്കി. ഈ ദൗത്യം വിജയകരമാക്കുന്നതിന് ആവശ്യമായ പരിശ്രമം നടത്തിയ സ്‌പേസ് എക്‌സ്, അതിന്റെ സിഇഒ എലോൺ മസ്ക്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ എന്നിവർക്കും വൈറ്റ് ഹൗസ് നന്ദി അറിയിച്ചു.
ബഹിരാകാശ ദൗത്യത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം കഴിയേണ്ടി വന്നത് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാലാണെന്ന് ട്രംപ് ആരോപിച്ചു. തന്റെ ഭരണകാലം ആരംഭിച്ച ഉടൻ തന്നെ ജനുവരിയിൽ, സുനിതാ വില്യംസിനെയും ബുച്ച് വിൽമറിനെയും തിരികെ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എലോൺ മസ്കിനോട് നിർദ്ദേശിച്ചിരുന്നതായി ട്രംപ് വ്യക്തമാക്കി. സ്പേസ് എക്‌സ് ഈ ദൗത്യം വേഗത്തിൽ പൂർത്തിയാക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മുൻ പ്രസിഡന്റ് ബൈഡൻ അതിന് അനുമതി നൽകാൻ തയാറായില്ലെന്നുമാണ് എലോൺ മസ്കും ആരോപിച്ചത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം നാസ നിഷേധിച്ചിരിക്കുകയാണ്. ഈ ദൗത്യം വൈകാൻ രാഷ്ട്രീയ ഇടപെടലുകൾ കാരണമായിരുന്നില്ലെന്നും, ദൗത്യം തയാറാക്കുന്നതിനും നിർദിഷ്ട പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനുമുള്ള സമയപരിധി കൊണ്ടുമാത്രമാണിതത്രയും വൈകിയതെന്നുമാണ് നാസയുടെ ഔദ്യോഗിക വിശദീകരണം. ബഹിരാകാശ യാത്രികരെ മാത്രം തിരികെ എത്തിക്കാനായി പ്രത്യേകമായി ഒരു ദൗത്യം നടത്തുന്നത് ഭാരിച്ച ചെലവ് ഉണ്ടാക്കും, അതിനാൽ തന്നെ നാസയുടെ ശാസ്ത്രീയപരമായ ദൗത്യക്രമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലാണ് അവർക്കുള്ള വിശദീകരണം.
നാസയുടെ തീരുമാനം ബഹിരാകാശ യാത്രികർ ഇരുവരും മനസ്സിലാക്കി സഹകരിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. ഈ വിഷയത്തിൽ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർന്നുവന്നെങ്കിലും, ബഹിരാകാശ ഗവേഷണങ്ങൾ ശാസ്ത്രീയമായ രീതിയിലാണ് മുന്നോട്ടുപോകേണ്ടതെന്ന് നാസ വീണ്ടും ഓർമ്മിപ്പിച്ചു.