ഡോ. ബിനു ഫിലിപ്പ് ഷിക്കാഗോയിലെ മലങ്കര ഓർത്തഡോക്സ് കൂട്ടായ്മയെ നയിക്കും

ഷിക്കാഗോ ∙ ഷിക്കാഗോയിൽ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സഭാംഗങ്ങളെ ഏകോപിപ്പിക്കുകയും അവരുടെ പൈതൃകം, വിശ്വാസം, സംസ്കാരം എന്നിവ വരും തലമുറയിലേയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ’ (എംഒസിഎസ്) രൂപീകരിച്ചുവെന്ന് ഡോ. ബിനു ഫിലിപ്പ് അറിയിച്ചു.
മൂന്നാം തലമുറയ്ക്ക് സമുദായപരമായ ഐക്യബോധം നഷ്ടപ്പെടുന്നതും വിശ്വാസത്തിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നതും മാതാപിതാക്കൾ ഒറ്റപ്പെടുന്നതുമാണ് പുതിയ സംഘടന രൂപീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പള്ളികളിലുണ്ടായിരുന്ന പരിമിതികൾ മറികടന്ന് ഇടവകകളിലെ അംഗങ്ങൾക്ക് പരസ്പരം ബന്ധം പുലർത്തുവാനുള്ള വേദി ഒരുക്കുകയാണ് എംഒസിഎസിന്റെ ലക്ഷ്യം.
ഈ സംഘടനയുടെ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നായി ഒരു കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കുമെന്ന് ഡോ. ബിനു ഫിലിപ്പ് അറിയിച്ചു. പ്രായമേറിയവർക്കും യുവാക്കളും കുട്ടികൾക്കും ആത്മബന്ധം സ്ഥാപിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഇടയൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാധാന്യം.
ഒരു സാമുദായിക സംഘടനയ്ക്കു മീതെയായി വിശ്വാസപരമായ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹിക-സാംസ്കാരിക കൂട്ടായ്മയായിരിക്കും എംഒസിഎസ് പ്രവർത്തിക്കുകയെന്നും ഷിക്കാഗോയിലെ നാല് പ്രധാന മലങ്കര ഓർത്തഡോക്സ് പള്ളികളിലെ അറുന്നൂറോളം കുടുംബങ്ങൾ ഇതിനോടകം സംഘടനയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയെ കൂടുതൽ വ്യാപിപ്പിച്ച് ‘മലങ്കര ഓർത്തഡോക്സ് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക’ എന്ന വിപുലമായ ഒരു അംബ്രല്ല ഓർഗനൈസേഷൻ രൂപീകരിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ബിനു ഫിലിപ്പിന്റെ ഭാര്യ ഡോ. സിബിൽ ഫിലിപ്പ് ജീവകാരുണ്യ പ്രവർത്തന രംഗത്തും സാംസ്കാരിക മേഖലകളിലും സജീവമാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്, മൂത്ത മകൾ ക്രിസ്റ്റീൻ ഫിലിപ്പ് ഡോക്ടർ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാം തുടരുന്നു, മകൻ സിറിൽ ഫിലിപ്പ് ഫിനാൻസ് ബിരുദ വിദ്യാർഥിയാണും ഇളയ മകൻ സ്റ്റെഫാൻ ഫിലിപ്പ് 12-ാം ക്ലാസിൽ പഠിക്കുന്നു.