ശശി തരൂരിന്റെ മോദി പ്രശംസ: ബിജെപി ആഘോഷിച്ചു, കോൺഗ്രസ് പ്രതിരോധത്തിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നിലപാടുകൾ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. കേരളത്തിലെ പാർട്ടി നേതൃത്വത്തിനെതിരായ പരാമർശങ്ങൾക്ക് പിന്നാലെ, കേന്ദ്ര നേതൃത്വത്തെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് തരൂരിന്റെ പുതിയ പ്രതികരണം.
റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെ താൻ നേരത്തെ വിമർശിച്ചിരുന്നുവെന്നും, എന്നാൽ അതു തെറ്റായ നിലപാടായിരുന്നുവെന്ന് പിന്നീട് ബോധ്യമായെന്നും തരൂർ വ്യക്തമാക്കി. ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കും അംഗീകര്യനായ നേതാവായി മാറാൻ മോദിക്കായത് ഇന്ത്യൻ നയതന്ത്ര വിജയമാണെന്ന് തരൂർ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടന്ന ലോക ഇന്റലിജൻസ് മേധാവികളുടെ “റെയിസിന 2025” സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു തരൂരിന്റെ ഈ പരാമർശം. പാർലമെന്റിൽ താൻ മുമ്പ് എടുത്ത നിലപാട് രാജ്യാന്തരതലത്തിൽ തെറ്റായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
തരൂരിന്റെ ഈ പ്രസ്താവന ബിജെപി ഉടൻ തന്നെ ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ നയതന്ത്ര വിജയം ചൂണ്ടിക്കാണിച്ചു. എന്നാൽ കോൺഗ്രസ് ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നൽകാനൊരുങ്ങിയിട്ടില്ല.