യുഎഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; സ്വകാര്യമേഖലക്കും മൂന്ന് ദിവസം

ദുബൈ: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും മൂന്നു ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നോമ്പ് 30 ദിവസം പൂര്‍ത്തിയാക്കി മാര്‍ച്ച് 31 ന് പെരുന്നാള്‍ വന്നാല്‍, അവധി ഏപ്രില്‍ 2 വരെയും നീളും.
നേരത്തേ, സര്‍ക്കാര്‍ മേഖലയ്ക്കും സമാനമായ അവധി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1ന് റമദാന്‍ വ്രതം ആരംഭിച്ച യുഎഇയില്‍, മാര്‍ച്ച് 29 ന് മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ പെരുന്നാള്‍ മാര്‍ച്ച് 30 ഞായറാഴ്ചയാകും. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 30, 31, ഏപ്രില്‍ 1 എന്നീ തീയതികളിലാണ് അവധി.
എന്നാൽ മാസപ്പിറവി വൈകിയാൽ ശവ്വാല്‍ ഒന്നായ പെരുന്നാള്‍ മാര്‍ച്ച് 31 ന് വരും, അതേസമയം അവധി ഏപ്രില്‍ 2 വരെ നീളും. ശനി, ഞായര്‍ വാരാന്ത്യ അവധി ആകുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ചുദിവസം തുടര്‍ച്ചയായ വിശ്രമം ലഭിക്കും. ഷാര്‍ജയില്‍ വെള്ളിയാഴ്ചയും വാരാന്ത്യ അവധിയായതിനാല്‍ ചില സ്ഥാപനങ്ങള്‍ക്ക് ആറ് ദിവസത്തോളം അവധി ലഭിക്കാനാണ് സാധ്യത.