
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ലാൽ എബ്രാഹാം ചെയർമാനായും തോമസ് സ്റ്റീഫൻ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അല്ലി ജോപ്പൻ (വൈസ് ചെയർപേഴ്‌സൺ), ബിജു ഏബ്രഹാം (വൈസ് പ്രസിഡന്റ് – അഡ്മിൻ), സായി ഭാസ്കർ (വൈസ് പ്രസിഡന്റ് – ഓർഗനൈസേഷൻ), ജോൺ വർഗീസ് (ജോ. സെക്രട്ടറി), മാമൻ ജോർജ് (ട്രഷറർ), ചെറിയാൻ മാത്യു (ജോ. ട്രഷറർ), ഡോ. അലോണ ജോപ്പൻ (യൂത്ത് ഫോറം ചെയർ) എന്നിവരും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ നേതൃത്വത്തിലും മറ്റ് പ്രവിശ്യകളിലും നിന്നുള്ള പ്രശസ്തരായ നേതാക്കൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിച്ചു. ജൂലൈ 25 മുതൽ മൂന്ന് ദിവസം ബാങ്കോക്കിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിൽ ഹൂസ്റ്റൺ പ്രൊവിൻസിന്റെ സജീവ പങ്കാളിത്തം ഉണ്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സമ്മേളന വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, പുതിയ അംഗത്വത്തിനും സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമുള്ള രജിസ്ട്രേഷൻ പ്രക്രിയയും മികച്ച പ്രതികരണം നേടുകയാണെന്ന് സംഘാടക സമിതി അറിയിച്ചു.