കൊളംബിയ യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിന് വഴങ്ങി

ന്യൂയോർക്ക്: കൊളംബിയ യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. പ്രസിഡന്റ് ട്രംപ് കനത്ത സമ്മർദ്ദം കൊണ്ടുവന്നതിനെ തുടർന്ന് 400 മില്യൺ ഡോളർ ഗ്രാന്റ് റദ്ദാക്കിയ ശേഷമാണ് ഈ നടപടികൾ.
യൂണിവേഴ്സിറ്റിയിലെ മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ സ്റ്റഡീസ് ആൻഡ് സെന്റർ ഫോർ പലസ്തീൻ സ്റ്റഡീസ് എന്നിവയുടെ കരിക്കുലം പുനരവലോകനം നടത്താൻ പുതിയ നേതൃത്വത്തെ നിയമിക്കും. ക്യാമ്പസിലെ 36 പോലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനും പുറത്താക്കാനും അധികാരം നൽകും.
ക്യാമ്പസുകളിൽ മാസ്‌ക് നിരോധിക്കുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ളവർ ക്യാമ്പസിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്. ക്യാമ്പസുകളിൽ നടന്ന യഹൂദ വിരുദ്ധ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം കർശന നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പലസ്തീൻ അനുഭാവികളായ വിദ്യാർഥി നേതാക്കളെ തിരഞ്ഞുപിടിച്ചാണ് അധികാരികൾ നീക്കം നടത്തിയത്.
ഫെഡറൽ പണം തുടർന്നു ലഭിക്കാൻ യൂണിവേഴ്സിറ്റിക്ക് നിർബന്ധമായ 9 കാര്യങ്ങൾ ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച്ച ഉന്നയിച്ചിരുന്നു. വെള്ളിയാഴ്ച്ച വരെ ഈ നിർദേശങ്ങൾ പാലിക്കണമെന്നു അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹാമിൽട്ടൺ ഹാൾ കൈയേറിയ വിദ്യാർഥികളെ പുറത്താക്കുക, അവരുടെ ബിരുദം റദ്ദാക്കുക എന്നിവ പ്രധാന ആവശ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ച് ക്യാമ്പസിൽ പ്രവേശിച്ച് അക്രമത്തിലേർപ്പെട്ടവർ പുറത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയതിനാൽ മാസ്‌ക് നിരോധിക്കാനാണ് നിർദേശം. അതേസമയം, സ്കൂൾ കെട്ടിടങ്ങളിലോ പഠനം നടക്കുന്ന സ്ഥലങ്ങളിലോ പ്രതിഷേധ പ്രകടനം നിരോധിച്ചിട്ടില്ല, എന്നാൽ പൊതുവിൽ അതിന് അനുമതി നൽകുന്നില്ല.
വിദ്യാർഥികൾക്കുള്ള പ്രവേശന നയങ്ങൾ പുനഃപരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെയായി യഹൂദ, ആഫ്രിക്കൻ വിദ്യാർഥികളുടെ വരവ് കുറഞ്ഞതായി ശ്രദ്ധേയമാണ്.
ക്യാമ്പസ് കൂടുതൽ സുരക്ഷിതമാക്കുമെന്നും യൂണിവേഴ്സിറ്റിയുടെ ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്ട്രോങ് വ്യക്തമാക്കി. “നമുക്ക് പ്രശ്നങ്ങളുണ്ട്, പക്ഷേ അവ നമ്മുടെ പ്രത്യേകതയല്ല. നമ്മൾ പരസ്പരം ബഹുമാനിക്കുന്ന പണ്ഡിതരായ സമൂഹമാണ്. ലോകത്തിലെ ഏറ്റവും സർഗശക്തിയുള്ള, ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഏറ്റവും വലിയ വെല്ലുവിളികൾ നേരിടാൻ നമുക്കുള്ള കഴിവിൽ എനിക്ക് വലിയ വിശ്വാസമുണ്ട്,” ആംസ്ട്രോങ് വ്യക്തമാക്കി.