റെസ്പിറേറ്ററി കെയർ മേഖലയിൽ മലയാളികളുടെ അഭിമാന നേട്ടം: ഷിക്കാഗോ MARC രജതജൂബിലിയിലേക്ക്

ഷിക്കാഗോ: 2001-ൽ രൂപീകൃതമായ ഷിക്കാഗോ മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC) അതിന്റെ പ്രവർത്തന പന്ഥാവിൽ 25 വർഷം പൂർത്തിയാക്കി രജതജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. അമേരിക്കയിൽ റെസ്പിറേറ്ററി കെയർ മേഖലയിലെ മലയാളി തെറാപ്പിസ്റ്റുകളെ ഏകോപിപ്പിച്ച്, ആരോഗ്യ മേഖലയിൽ സുതാര്യമായ മുന്നേറ്റം കാഴ്ചവെക്കാൻ MARC-ന് കഴിഞ്ഞു. അമേരിക്കൻ അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് (AARC) അംഗീകാരം നേടിയ MARC ഇന്ന് 250-ൽ അധികം അംഗങ്ങളുള്ള ശക്തമായ സംഘടനയായി വളർന്നിരിക്കുന്നു.
MARC-ന്റെ നേതൃത്വത്തിൽ സാമൂഹിക സേവനങ്ങൾ വിപുലമായി നടപ്പാക്കി. കോട്ടയം മെഡിക്കൽ കോളജിന് വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി, പ്രശസ്ത സാമൂഹിക പ്രവർത്തകൻ ഡോ. സുനിൽ ടീച്ചറുടെ നേതൃത്വത്തിൽ നിർദ്ധനർക്കായി ഭവന നിർമ്മാണം പൂർത്തിയാക്കി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കേരളത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിലെ വിവിധ സംരഭങ്ങളിൽ സർക്കാരുമായി സഹകരിച്ച് സഹായഹസ്തം നീട്ടി. ഷിക്കാഗോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫാദർ മൈക്കൽ ഫ്ലേഗറിന്റെ നേതൃത്വത്തിൽ ഫുഡ് പാൻട്രി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ MARC വിജയകരമായി നടപ്പാക്കുകയും ചെയ്തു.
കോവിഡ് മഹാമാരിക്കാലത്ത് MARC നടത്തിയ വിശിഷ്ട സേവനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് അംഗീകരിച്ചു, “കോവിഡ് വാരിയർ” പുരസ്കാരം നൽകി. മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റുമാരുടെ ഏകോപന വേദിയായി MARC പ്രവർത്തിച്ചുവരികയാണ്. വർഷം തോറും സംഘടിപ്പിക്കുന്ന കോൺഫറൻസ്, കുടുംബ സംഗമം, പിക്നിക്, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ MARC-ന്റെ സജീവ ഇടപെടലിന്റെ ഭാഗമാണ്.
2025 ഒക്ടോബർ മുതൽ 2026 ഒക്ടോബർ വരെ നീണ്ടുനില്ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദാനസഹായ പദ്ധതികൾ, മെഡിക്കൽ ഉപകരണ വിതരണങ്ങൾ, സുവനീർ പ്രസിദ്ധീകരണം എന്നിവ നടപ്പിലാക്കാൻ MARC പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോർജ് മത്തായിയുടെ നേതൃത്വത്തിൽ സ്കറിയാകുട്ടി തോമസ് (ജനറൽ കോർഡിനേറ്റർ), വിജയ് വിൻസെന്റ് (അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ), രഞ്ജി വർഗീസ് (ഫിനാൻസ് കോർഡിനേറ്റർ), സണ്ണി കോട്ടുകപളളി (ജോയിന്റ് ഫിനാൻസ് കോർഡിനേറ്റർ) എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. റോയ് ചേലമലയിൽ (കമ്മ്യൂണിറ്റി സർവീസ്), ഫിലിപ്പ് സ്റ്റീഫൻ, ജോമോൻ മാത്യു (മെഡിക്കൽ ഉപകരണ വിതരണം), സനീഷ് ജോർജ്ജ്, ടോം ജോസ് (മീഡിയ & ഐ.ടി. സപ്പോർട്ട്), സമയ ജോർജ്ജ് (കലാപരിപാടികൾ) എന്നിവർക്കു വിവിധ കമ്മിറ്റികളിൽ നേതൃത്വം നൽകാൻ ചുമതല നൽകി.
MARC പ്രസിഡന്റ് ജോർജ് മത്തായി, കൺവീനർ സ്കറിയാകുട്ടി തോമസ് എന്നിവർ രജതജൂബിലി ആഘോഷങ്ങൾക്ക് സമഗ്രമായ സഹകരണവും പിന്തുണയും നൽകണമെന്ന് എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു.