മലങ്കര മെത്രാപ്പൊലീത്തയുടെ കത്തോലിക്കാ സ്ഥാനാരോഹണം; ലബനനിൽ അമേരിക്കൻ മലങ്കര അതിഭദ്രാസന പ്രതിനിധി സംഘം പങ്കെടുക്കും

വാഷിങ്ടൻ – ആകമാന സുറിയാനി സഭയുടെ 81-ാമത് കത്തോലിക്കാ സ്ഥാനാരോഹണം ഈ മാസം 25-ന് ലബനനിൽ നടക്കും. ലബനനിലെ അച്ചാനയിലെ പാത്രിയർക്കാ അരമനയോടു ചേർന്ന സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങിൽ അമേരിക്കൻ മലങ്കര അതിഭദ്രാസന പ്രതിനിധി സംഘവും പങ്കെടുക്കും.
യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പൊലീത്തയും പരിശുദ്ധ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് ആണ് കത്തോലിക്കാ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദോ മാർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘം ലബനനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിനിധി സംഘത്തിൽ ഭദ്രാസനാധിപനോടൊപ്പം റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), റവ. ഫാ. പോൾ തോട്ടക്കാട്ട്, റവ. ഫാ. കുരിയാക്കോസ് പുതുപ്പാടി, റവ. ഫാ. ജോസഫ് വർഗീസ്, ജെനു മഠത്തിൽ, ജിൻസ് മാത്യു (കൗൺസിൽ അംഗങ്ങൾ) എന്നിവരും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് എപ്പിസ്‌ക്കോപ്പമാർ, വൈദികർ, മറ്റ് സഭാംഗങ്ങൾ എന്നിവരും ഉൾപ്പെട്ടിരിക്കുന്നു.
ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ആകമാന സുറിയാനി സഭയിലെ മെത്രാപ്പൊലീത്തമാർ, ഇതര സഭാ മേലധ്യക്ഷന്മാർ, കേരള സർക്കാർ പ്രതിനിധി സംഘം, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങൾ, കേരളത്തിൽനിന്നും വിദേശത്തുനിന്നുമുള്ള നൂറുകണക്കിന് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
നിയുക്ത കത്തോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് 1990-91 കാലഘട്ടത്തിൽ വൈദികനായിരിക്കുമ്പോൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.