EducationKeralaLatest News

നിറപ്പകിട്ടിന്റെ ഉത്സവലഹരിയില്‍ മനം നിറഞ്ഞ് ഭിന്നശേഷിക്കാര്‍; ആഘോഷമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഡൗണ്‍സിന്‍ഡ്രോം ദിനം

തിരുവനന്തപുരം: ചായംപുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി.  അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഇന്നലെ (വെള്ളി) സെന്ററില്‍ അരങ്ങേറിയത്.  ദിനാഘോഷത്തിന്റെ ഭാഗമായി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റെപ്പ് അപ് ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും ചേര്‍ന്നൊരുക്കിയ വര്‍ണവിസ്മയം ഏവരുടെയും ഹൃദയം കവര്‍ന്നു.  പ്രത്യേകം തയ്യാറാക്കിയ വെണ്‍ചുവരില്‍ ചായങ്ങള്‍ കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ കൈയടയാളങ്ങള്‍ പതിച്ചുകൊണ്ടുള്ള വര്‍ണചിത്രം ഒരുക്കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ കൂടി എത്തിയതോടെ പരിമിതികള്‍ മറന്ന ആഘോഷമായത് മാറുകയായിരുന്നു.  ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് നിറങ്ങള്‍ നിറഞ്ഞ കൈകള്‍ ഉയര്‍ത്തി വീശി കുട്ടികളും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ആദരവ്  കൂടി പ്രകടിപ്പിച്ചതോടെ ആഘോഷം വേറിട്ട തലത്തിലേയ്ക്ക് മാറി. ബഹിരാകാശത്ത് നിന്നും ഏറെ ദിവസങ്ങള്‍ക്കുശേഷം ഭൂമിയിലേയ്ക്ക് തിരിച്ചെത്തിയ നിമിഷങ്ങളെ, സുനിത വില്യംസിന്റെ ഛായാചിത്രം താഴേയ്ക്ക് പതിയെ ഇറക്കി പ്രതീകാത്മകമായി ചിത്രീകരിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.  സെന്ററിലെ തന്നെ കേള്‍വി-സംസാര പരിമിതനായ അദ്ധ്യാപകന്‍ സനല്‍ ആണ് സുനിതവില്യംസിന്റെ ഛായാചിത്രമൊരുക്കിയത്.  

പരിപാടിയില്‍ പങ്കെടുക്കാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയത്.  മാജിക് പ്ലാനറ്റിലെ എല്ലാ വിഭാഗങ്ങളും കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. ഉച്ചയ്ക്കുശേഷം നടന്ന കലാപരിപാടിയില്‍ സാരി ഷോ, ഫാഷന്‍ ഷോ, ഒപ്പന, ചെണ്ടമേളം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി.  

സ്റ്റെപ്പ് അപ് ഡേ ദിനാഘോഷം ഗോപികൃഷ്ണന്‍ കെ. വര്‍മ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുത്ത ഗോപീകൃഷ്ണന്റെ വാക്കുകള്‍ ഏവരും കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.  ഇത്തരം ദിനാചരണങ്ങള്‍ ദിനാഘോഷങ്ങള്‍ക്ക് വഴിമാറുന്ന തരത്തിലേയ്ക്ക് സമൂഹം മാറേണ്ടതുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗത്തിനിടെ ഗോപിനാഥ് മുതുകാട് പറഞ്ഞു.  ചടങ്ങില്‍ ഗോപികൃഷ്ണനെ മുതുകാട് പൊന്നാട അണിയിച്ച് ആദരിച്ചു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ സ്വാഗതം പറഞ്ഞു .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button