
ന്യൂഡല്‍ഹി: യുഎസില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അവിടുത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഒരു ഗവേഷകനെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥിയെ സ്വയം നാടുകടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ ഇത്തരത്തിലുള്ള മുന്നറിയിപ്പ്. ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ബദര്‍ ഖാന്‍ സൂരിയയെ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് പേരില്‍ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തതും കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയതും വലിയ ചർച്ചയായി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനായിരുന്നു രഞ്ജിനിയ്ക്ക് എതിരായ നടപടി.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഇന്ത്യക്കാരും യുഎസിലെ ഇന്ത്യന്‍ എംബസികളുമായി ഇതുവരെ ബന്ധപ്പെടാത്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇവരെ ‘തീവ്രവാദ അനുഭാവികള്‍’ എന്ന മുദ്ര കുത്തിയാണ് പ്രസിഡന്റ് ട്രംപ് ഇത്തവണയും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.