ആശാ തൊഴിലാളികളുടെ സമരം ശക്തമാകുന്നു; 24ന് കൂട്ട ഉപവാസം

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നുളള പ്രധാന ആവശ്യവുമായി സെക്രട്ടേറിയറ്റ് മുൻവശം ആശാ തൊഴിലാളികൾ തുടരുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി ഈ മാസം 24ന് കൂട്ട ഉപവാസം നടത്തുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.
മൂന്നു ദിവസമായി നിരാഹാര സമരമായി മാറിയ സമരത്തിൽ നിലവിൽ മൂന്ന് പേർ വീതം ഉപവാസമിരിക്കുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു, തങ്കമണി, ശോഭ എന്നിവർ നിരാഹാരത്തിലാണെന്ന് സംഘടന അറിയിച്ചു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ആർ. ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. സമരത്തിന് പിന്തുണയുമായി കൂടുതൽ തൊഴിലാളികളും ഉപവാസത്തിലേക്ക് കടക്കുമെന്ന് സംഘടന വ്യക്തമാക്കി.
നാല്‍പ്പത് ദിവസമായി തുടരുന്ന സമരം അനിശ്ചിതകാലം വരെ നീട്ടാനുളള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സമരക്കാരുടെ പ്രധാന ആവശ്യം ഓണറേറിയം വർധിപ്പിക്കണമെന്നതാണ്.
അതേസമയം, സമരത്തെ തുടർന്ന് അഭ്യർത്ഥനകൾ പരിഗണിച്ചുവരികയാണെന്നും അനുമതി ലഭിക്കുകയാണെങ്കിൽ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.