
അസറ്റ് ഹോംസ് സംഘടിപ്പിച്ച പുഴകള്‍ മലകള്‍ പൂവനങ്ങള്‍ എന്ന ജലദിന പ്രഭാഷണം വയലാര്‍സ്മൃതി കൂടിയായി.
കൊച്ചി: 2030-ഓടെ കുടിവെള്ളം കിട്ടാത്തവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അത് കണക്കിലെടുത്തുള്ള ജലസാക്ഷരതയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പരിസ്ഥിതി പ്രവര്‍ത്തകനും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് (ബിഎസ്എഫ്) പ്രഭാഷണപരമ്പരയില്‍ ജലദിനത്തോടനുബന്ധിച്ച് കൊച്ചി കെഎംഎ ഹൗസില്‍ പ്രഭാഷണം നടത്തുകയായിരുന്നു ലീലാകൃഷ്ണന്‍. കേരളത്തിന്റെ ഭൂപ്രകൃതിയെ മുഴുവന്‍ തന്റെ സിനിമാഗാനങ്ങളില്‍ ആവാഹിച്ച കവിയാണ് വയലാറെന്നും പുഴകള്‍ നദികള്‍ പൂവനങ്ങള്‍ എന്ന ഇതിവൃത്തത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ലീലാകൃഷ്ണന്‍ പറഞ്ഞു.
മഴയും പുഴയും കായലും കുളവും അമ്പലക്കുളവും കടലും മാത്രമല്ല മാനസപത്മതീര്‍ത്ഥത്തെപ്പറ്റി വരെ എഴുതിയ കവിയാണ് വയലാര്‍ എന്ന് ലീലാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. കാളിദാസന്‍ വര്‍ണിച്ച മഴത്തുള്ളിയെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ മലയാളീകരിച്ച മഹാകവി കൂടിയാണ് വയലാര്‍. ഭാരതപ്പുഴയിലേ ഓളങ്ങളേ എന്നെഴുതിയ വയലാറിന്റെ ചുവടുപിടിച്ച് ഭാരതപ്പുഴയെപ്പറ്റി എഴുതാന്‍ തന്റെ സുഹൃത്തായിരുന്ന ഗിരീഷ് പുത്തഞ്ചേരി ശ്രമിച്ചതിനെപ്പറ്റിയും ലീലാകൃഷ്ണന്‍ ഓര്‍മിച്ചു. ഭാരതപ്പുഴയുടെ തീരത്തു വന്ന് രണ്ടു നാള്‍ താമസിച്ച് ശേഷം പക്ഷേ എഴുതിയത് ഭാരതപ്പുഴയിലെ ലോറികളേ എന്നായിരുന്നു. നഷ്ടപ്പെട്ടുപോയ ആ കേരളത്തെ പുനസൃഷ്ടിക്കേണ്ടി വന്നാല്‍ കേരളത്തിന്റെ ഭൂപ്രകൃതിയുടെ റഫറന്‍സ് മുഴുവന്‍ വയലാറിന്റെ പാട്ടുകളിലും കവിതകളിലുമുണ്ടെന്നും ലീലാകൃഷ്ണന്‍ പറഞ്ഞു.
പള്ളാത്തരുത്തിയാറില്‍ എന്ന് വയലാര്‍ ഒരു പാട്ടില്‍ എഴുതിയതു വായിച്ച് അങ്ങനെ ഒരു പുഴയുണ്ടോ എന്നന്വേഷിച്ചു പോയി അത് കണ്ടെത്തിയ കഥയും ആലങ്കോട് പങ്കുവെച്ചു. മാര്‍ച്ച് 22 ആഗോളദിനവും മാര്‍ച്ച് 25 വയലാറിന്റെ ജന്മദിനവും കണക്കിലെടുത്താണ് കേരളത്തിന്റെ എല്ലാ ജലരൂപങ്ങളെപ്പറ്റിയും പാടിയ വയലാറിനെക്കൂടി ഓര്‍മിക്കത്തക്കരീതിയില്‍ ഇത്തവണത്തെ ജലദിനപ്രഭാഷണം സംഘടിപ്പിച്ചതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. ബഹുനിലക്കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച് അസറ്റ് ഹോംസ് ചീഫ് എന്‍ജിനീയര്‍ ഗില്‍സണ്‍ ജോര്‍ജ് എഴുതിയ പുസ്തകം ചടങ്ങില്‍ പ്രകാശിപ്പിച്ചു.