ഹ്യൂസ്റ്റണിൽ നിശാക്ലബ്ബിന് മുന്നിലുണ്ടായ വെടിവയ്പ്പ്: 16 വയസ്സുകാരന്റെ കൊലപാതകത്തിൽ 20 വയസ്സുകാരൻ പ്രതി

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ‘ആഫ്റ്റർ-അവേഴ്സ്’ നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പിൽ 16 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 20 വയസ്സുകാരൻ പ്രതിയായി. സാന്റിനോ സൈലൻ ഹാൻഡിനെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ഹോബി വിമാനത്താവളത്തിന് വടക്കുഭാഗത്തുള്ള ഈ ക്ലബ്ബിന് പുറത്തെ പാർക്കിംഗ് ഏരിയയിലാണ് ഇരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റതിനെ തുടർന്ന് മരണപ്പെട്ട കൗമാരക്കാരന്റെ വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വെടിവയ്പ്പ് നടന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് ഹ്യൂസ്റ്റണിലെ മറ്റൊരു ‘ആഫ്റ്റർ-അവേഴ്സ്’ ക്ലബ്ബിലും അക്രമം ഉണ്ടായിരുന്നു. അതിൽ അഞ്ച് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കും വെടിയേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. അവരിൽ നാലുപേർ ഗുരുതരാവസ്ഥയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.