AmericaKeralaLatest NewsNews

ആത്മീയ സമൃദ്ധിയോടെ മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജണൽ കോൺഫറൻസ് സമാപിച്ചു

ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 12-മത് സൗത്ത് വെസ്റ്റ് റീജണൽ കോൺഫറൻസ് അനുഗ്രഹപൂർവ്വം സമ്പന്നമായി. മാർച്ച് 21, 22 തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടന്ന ഈ മഹാസമ്മേളനം ആത്മീയതയ്ക്കും സഹവാസത്തിനും ഊന്നൽ നൽകിയ വേളിയായി.

വൈദിക ശ്രേഷ്ഠരും റീജിയണൽ ഭാരവാഹികളും നേതൃത്വത്തിൽ സൺ‌ഡേ സ്കൂൾ ഹാളിൽ നിന്നും ഗാനശുശ്രൂഷയോടെ ആരംഭിച്ച ഘോഷയാത്ര സമ്മേളനത്തിന് ഭക്തിപൂർവ്വമായ തുടക്കം കുറിച്ചു. തുടർന്ന് നടന്ന സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും ശേഷം ജനറൽ കൺവീനർ എബ്രഹാം കെ. ഇടിക്കുള സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമാ ഇടവക വികാരിയും കോൺഫറൻസ് പ്രസിഡന്റുമായ റവ. സാം കെ. ഈശോ അദ്ധ്യക്ഷത വഹിച്ചു. നിലവിളക്ക് കൊളുത്തിയതോടെയാണ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. വിവിധ ഭാരവാഹികളും നേതാക്കളും ആശംസകൾ അർപ്പിച്ച ചടങ്ങുകൾക്ക് ശേഷം മുഖ്യപ്രഭാഷകൻ റവ. അലക്സ് യോഹന്നാൻ “Faith in Renewal and Motion” എന്ന വിഷയത്തിൽ പ്രസംഗിച്ചു. വിശ്വാസം പ്രവർത്തികളില്ലാതെ നിർജീവമാകുമെന്ന യാക്കോബ് 2:17 എന്ന വാക്യത്തെ ആസ്പദമാക്കിയായിരുന്നു ഈ പ്രഭാഷണം.

ആശയവിനിമയത്തിനും ആത്മീയ ബോധവൽക്കരണത്തിനും ഊന്നൽ നൽകിയ സമ്മേളനത്തിൽ ട്രിനിറ്റി കലാവേദി അവതരിപ്പിച്ച “വിശ്വാസവും പ്രവർത്തിയും” എന്ന സ്‌കിറ്റ് ഏറെ ശ്രദ്ധേയമായി. ജോർജ് ശാമുവേൽ രചനയും സംവിധാനവും നിർവഹിച്ച ഈ അവതരണം വിശ്വാസ ജീവിതത്തിന്റെ പ്രായോഗിക കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിച്ചു. ശനിയാഴ്ച നടന്ന ബൈബിൾ ക്ലാസ്സിനും പഠന സെഷനുകൾക്കും റവ. അലക്സ് യോഹന്നാനും റവ. ജെയിംസ് കെ. ജോണും നേതൃത്വം നൽകി. എബ്രഹാം മാമ്മൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന മുഹൂർത്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ഏഴു വൈദികർക്കുള്ള യാത്രയപ്പ് ചടങ്ങായിരുന്നു. റവ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരെ പ്രതിനിധീകരിച്ച് റവ. സോനു വർഗീസ്, വിവിധ സഭാ സംഘടനകളെ പ്രതിനിധീകരിച്ച് റോബി ചെലഗിരി, ജോളി ബാബു, ടി.എ. മാത്യു, സജി ജോർജ്, ജൂലി സഖറിയാ, എബ്രഹാം ഇടിക്കുള എന്നിവർ ആശംസകൾ അർപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. യാത്രയയപ്പ് സ്വീകരിക്കുന്നവരുടെ ഭാഗത്ത് നിന്ന് റവ. ഷൈജു സി. ജോയ് മറുപടി പ്രസംഗം നടത്തി.

വൈദിക ആശീർവാദത്തോടെയും പ്രാർത്ഥനയോടെയും അവസാനിച്ച ഈ കോൺഫറൻസിൽ ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് എന്നീ ഇടവകകളിൽ നിന്നുമായി 470-ലധികം പേർ പങ്കെടുത്തു. ഇരുദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് ജീമോൻ റാന്നിയും ഷീബ ജോസും എംസിമാരായി നേതൃത്വം നൽകി. കോൺഫറൻസിന്റെ വിജയത്തിനായി ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ വിവിധ സബ് കമ്മിറ്റികൾ ചേർന്ന് പ്രവർത്തിച്ചു. പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ എല്ലാ കൺവീനർമാരെയും അനുഗ്രഹപൂർവം അനുമോദിച്ചു. സമ്മേളനം വിശ്വാസത്തിൽ പുതുക്കപ്പെടുന്നതിനും ആത്മീയ വളർച്ചയ്ക്കും വേദിയായി മാറിയതിൽ പങ്കെടുത്തവർ ഹൃദ്യമായി നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button