വയനാട്ടിലെ ആദിവാസി മേഖലയിൽ ആരോഗ്യ പരീക്ഷണം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

വയനാട് ∙ അനുമതിയില്ലാതെ വയനാട്ടിലെ ആദിവാസി ഊരങ്ങളിൽ ആർത്തവ ആരോഗ്യപരിശോധന നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ഇതിനുമുൻപ്, സംഭവം പുറത്തുവരുന്നതിന് പിന്നാലെ ആരോഗ്യ വകുപ്പും പട്ടികജാതി ക്ഷേമ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടത്. ഏപ്രിൽ 8ന് സുൽത്താൻ ബത്തേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വയനാട് തലപ്പുഴ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ മാർച്ച് 20 മുതൽ 22 വരെ ‘ഉദ്യമ’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചാണ് അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആദിവാസി ഊരങ്ങളിൽ മെൻസ്ട്രൽ ഹെൽത്ത് കിറ്റ് പരീക്ഷണം നടത്താൻ എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെമിനാറിന് പിന്നാലെ സ്ത്രീകളിലെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉപകരണം പരീക്ഷണവിധേയമാക്കുന്നതിന്റെ ഭാഗമായി ചില പരിപാടികൾ സംഘടിപ്പിച്ചു.
വിരലിൽ അണിയാവുന്ന ഉപകരണം ആർത്തവ ചക്രത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ളതാണെന്നാണ് വിവരം. ഈ ഉപകരണം ആദിവാസി മേഖലകളിൽ വിതരണം ചെയ്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറെയും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെയും അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.