ഗാസയില്‍ ഇസ്രയേല്‍ ആക്രമണം: ഹമാസ് വക്താവ് കൊല്ലപ്പെട്ടു, ഒരു വര്‍ഷത്തിനിടെ 11 ഉന്നത നേതാക്കള്‍ വധിക്കപ്പെട്ടു

ജറുസലം ∙ വടക്കന്‍ ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിലെ ഷെല്‍ട്ടറിലുണ്ടായിരുന്ന ഖനൗവിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിര്‍ന്ന നേതാക്കളായ രണ്ടുപേരെയും ഇസ്രയേല്‍ വധിച്ചിരുന്നു. ആകെ ഗാസയിലുണ്ടായ ആക്രമണങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളില്‍ 11 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാണ് ആക്രമണം തുടരുന്നതെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്. ഗാസയിലെ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാനും ബന്ദികളെ മോചിപ്പിക്കാന്‍ പ്രേരിപ്പിക്കാനുമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നാഴ്ചയായി ഇസ്രയേല്‍ പ്രദേശത്തേക്കുള്ള സഹായവിതരണം തടഞ്ഞിരിക്കുകയാണ്.
ഈ നീക്കത്തിന്റെ ഫലമായി ലക്ഷക്കണക്കിന് പലസ്തീന്‍കാര്‍ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും പിടിയിലാണെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി.