ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്: നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മാനം

ന്യൂ യോർക്ക്: ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായി മാറുന്ന ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്ദാനം ചെയ്ത യൂണിക്ക് പദ്ധതികളിൽ ഒന്നായാണ് ഈ ഹെൽത്ത് ക്ലിനിക്ക് രൂപം കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത മലയാളികൾക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അമേരിക്കയിൽ വിസിറ്റിങ് വിസയിൽ ഉള്ളവർ, മെഡിക്കെയർ, മെഡിക്കെയ്ഡ്, ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറുകണക്കിന് മലയാളി കുടുംബങ്ങൾ, കുട്ടികൾ, വയോധികർ എന്നിവർക്കായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി, രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യൻ്റ് രീതിയിൽ പ്രാഥമിക ആരോഗ്യ പരിചരണം നൽകുന്നതിനുള്ള ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ ഫൊക്കാന തയ്യാറെടുക്കുകയാണ്. ഫൊക്കാനയുടെ അംഗ സംഘടനകളുമായി സഹകരിച്ച് അവരുടെ ഓഫീസുകളിലാണ് ഈ യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകളും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരും ലാബ് ടെക്‌നീഷ്യൻമാരും ഉൾപ്പെടുന്ന ഒരു സമഗ്രമായ ടീം പ്രവർത്തിക്കും. ഈ അനുഭവസമ്പന്നരായ മെഡിക്കൽ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്യന്തം സജീവമായ പ്രവർത്തനങ്ങൾ മുന്നേറുകയാണ്.
ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് ഏറ്റവും വലിയ സഹായമായിരിക്കും. അമേരിക്കൻ-കാനേഡിയൻ മലയാളികൾക്കായി സമർപ്പിക്കുന്ന ഒരു വലിയ സമ്മാനമായിരിക്കും ഇത് എന്ന് ഫൊക്കാന പ്രസിഡന്റ് വ്യക്തമാക്കി.