AmericaLatest NewsNews

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന് പുതിയ നേതൃത്വം

ഹൂസ്റ്റണ്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പുതിയ ചെയര്‍മാനായി പൊന്നു പിള്ളയും പ്രസിഡന്റായി എസ്.കെ ചെറിയാനും സ്ഥാനമേറ്റതോടെ, സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള പുതിയ ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് ഡോ. മനു ചാക്കോ, വൈസ് ചെയര്‍മാന്‍ ഡോ. നൈനാന്‍ മാത്തുള്ള, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് ഈപ്പന്‍, സെക്രട്ടറി രാജേഷ് വി മാത്യു, ജോയിന്റ് സെക്രട്ടറി എബ്രഹാം തോമസ് എന്നിവരും പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

മുമ്പത്തെ ചെയര്‍മാന്‍ ജെയിംസ് വാരിക്കാട്ട് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അതേ സമയം, കഴിഞ്ഞ നാലുവര്‍ഷമായി പ്രോവിന്‍സിന്റെ പ്രസിഡന്റായിരുന്ന ബാബു ചാക്കോ പുതിയ പ്രസിഡന്റ് എസ്.കെ ചെറിയാനുo, മുന്‍ ട്രഷറര്‍ ബാബു മാത്യു പുതിയ ട്രഷറര്‍ ജോര്‍ജ് തോമസിനും ചുമതലകള്‍ കൈമാറി. എന്നാല്‍, മുന്‍ സെക്രട്ടറി തോമസ് സ്റ്റീഫന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഔദ്യോഗിക രേഖകള്‍ കൈമാറിയില്ലെന്ന വിവരവും ബന്ധപ്പെട്ടവര്‍ അറിയിച്ചതാണ്. ഈ രേഖകള്‍ ലഭ്യമാക്കുന്നതിനായി മുന്‍ പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ റീജനല്‍ ഇലക്ഷന്‍ കമ്മിഷണര്‍ സോഫി വില്‍സണ്‍ ആണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണ ചടങ്ങ് സ്റ്റാഫോര്‍ഡിലുള്ള ദേശി റസ്റ്ററന്റില്‍ നടന്നു, വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലിനോടനുബന്ധിച്ച്, പ്രോവിന്‍സില്‍ ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് ഉടന്‍ പുതിയവരെ നിയമിക്കുമെന്ന് ചെയര്‍മാന്‍ പൊന്നു പിള്ള അറിയിച്ചു. കൂടാതെ, കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. അമേരിക്കയിലെയും കേരളത്തിലെയും വിവിധ ചാരിറ്റി പദ്ധതികള്‍ കൂടുതല്‍ സജീവമാക്കാന്‍ സംഘടന മുന്‍കൈ എടുക്കുമെന്നും പുതിയ പ്രസിഡന്റ് എസ്.കെ ചെറിയാന്‍ വ്യക്തമാക്കി. എസ്.കെ ചെറിയാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ സ്ഥാപക നേതാവുമാണ്.

വരാനിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ അസൈര്‍ബൈജാനിലെ ബക്കുവില്‍ ജൂണ്‍ 27 മുതല്‍ 30 വരെ നടക്കും. ഈ മഹത്തായ സംഗമത്തില്‍ ഏവര്‍ക്കും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍ എല്ലാ അംഗങ്ങളോടും ആഹ്വാനം നടത്തിയത്. ഹൂസ്റ്റണില്‍ നിന്നുള്ള നിരവധി പേര്‍ ഇതിനായി ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി രജിസ്റ്റര്‍ ചെയ്യാത്തവര്‍ മാര്‍ച്ച് 31-ന് മുമ്പ് ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ മുന്‍ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും ചെയര്‍മാന്‍ പൊന്നു പിള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

Write something…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button