മസ്ക് അമേരിക്കൻ സർക്കാരിന്റെ ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുന്നു

വാഷിങ്ടൺ ∙ അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ചതിന് ശേഷം മെയ് മാസത്തിന്റെ അവസാനം രാജിവെക്കാനാണ് മസ്ക് ആലോചിക്കുന്നത്.
സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്ഥാപിച്ച ഈ വകുപ്പിന്റെ നേതൃത്വത്തിൽ മസ്ക് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതോടൊപ്പം, വിവിധ സർക്കാർ ആസ്തികൾ വിൽക്കുകയും ചില കരാറുകൾ റദ്ദാക്കുകയും ചെയ്തു. ഇതോടെ മാർച്ച് 24 വരെയുള്ള കണക്കുകൾ പ്രകാരം 115 ബില്യൺ ഡോളർ ലാഭിക്കാനായതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ നടപടികൾക്ക് വലിയ വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും 130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളറിന്റെ ധനക്കമ്മി കുറയ്ക്കാനായതിൽ മസ്ക് ആത്മതൃപ്തി പ്രകടിപ്പിച്ചു. അതേസമയം, മേയ് അവസാനം ഈ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആലോചനയെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ഭരണ സംവിധാനത്തിലെ ചരിത്രപരമായ സാമ്പത്തിക നിയന്ത്രണ നടപടികളിൽ ഒന്നായാണ് മസ്കിന്റെ ഈ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്.